മലപ്പുറം : മന്ത്രവാദ ചികിത്സയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി 19കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ വ്യാജ സിദ്ധന്റെ സഹായിയായ യുവതി പിടിയില്‍. പാലാംകോട്ടില്‍ സഫൂറ (41) ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മലപ്പുറം കാവനൂര്‍ അബ്ദുറഹ്മാനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വയറുവേദന മാറ്റാമെന്നു പറഞ്ഞ് 19കാരിയെ മടവൂരിലെ ലോഡ്ജ് മുറിയില്‍ വിളിച്ചുവരുത്തി അബ്ദുറഹ്മാൻ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് എല്ലാവിധ ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നാണ് സഫൂറയ്ക്ക് എതിരായ പരാതി. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഫൂറയെ കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതിനു പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് യുവതിയെ പീഡിപ്പിച്ചത്. വയറുവേദന മാറ്റി നല്‍കാമെന്ന് പറഞ്ഞ് മരുന്നു നല്കി മയക്കിയാണ് പീഡിപ്പിച്ചത്. ഭര്‍ത്താവിനൊപ്പമാണ് യുവതി എത്തിയത്. എന്നാല്‍, സംശയമൊന്നും തോന്നാതിരിക്കാൻ സഫൂറയ്ക്കൊപ്പമാണ് ഇവരെ ലോഡ്ജിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയത്. ഇതിനിടെ ചികിത്സയെക്കുറിച്ച് സഫൂറ പെണ്‍കുട്ടിക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. സമാനരീതിയില്‍ കൂടുതല്‍ പേരെ അബ്ദുറഹ്മാന് പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പേരിലാണ് അബ്ദുറഹ്മാന് ആളുകളെ സമീപിച്ചിരുന്നത്. ലോഡ്ജിലോ മറ്റു സ്ഥലങ്ങളിലോ എത്തിച്ചശേഷം ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കും. ഇതോടെ അബോധാവസ്ഥയിലാകുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യും.