മോസ്കോ : റഷ്യൻ മാധ്യമപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയായ അനസ്താസിയ ഇവ്‌ലീവ സംഘടിപ്പിച്ച നിശാപാര്‍ട്ടി വിവാദത്തില്‍. പാര്‍ട്ടിയിലേക്കെത്തിയ സെലിബ്രിറ്റികളില്‍ പലരും പാതിനഗ്നരായാണ് എത്തിയത്. ഇതിനെതിരെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്തിന്റെ യാഥാസ്ഥിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഇവ്‌ലീവ സംഘടിപ്പിച്ച പാര്‍ട്ടി എന്നാണ് ഉയരുന്ന വിമര്‍ശനം. റഷ്യയിലെ മോസ്‌ക്കോയിലെ നൈറ്റ് ക്ലബ്ബായ മുതാബോറിലാണ് ഇവ്‌ലീവ പാര്‍ട്ടി സംഘടിപ്പിച്ചത്. പോപ്പ് താരങ്ങളായ ഫിലിപ്പ് കിര്‍കൊറോവ്, ലോലിത, ദിമ ബിലാൻ, ടിവി അവതാരകയും 2018-ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന സെനിയ സൊബാക്ക് തുടങ്ങിയവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. റഷ്യയിലെ രാഷ്ട്രീയനേതാവ് മരിയ ബുട്ടിന ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. റഷ്യയുടെ പരമ്ബരാഗതമായ മൂല്യങ്ങള്‍ വിശദീകരിക്കുന്ന ഉത്തരവ് ഈ പാര്‍ട്ടി ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ റഷ്യയുടെ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബുട്ടിന എക്സില്‍ കുറിച്ചു. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ വിലക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി ഇവ്‌ലീവ രംഗത്തെത്തി. സുന്ദരിയായ, മെലിഞ്ഞ പാശ്ചാത്യ മോഡലുകളെ കാണാൻ ഇഷ്ടപ്പെടുന്നവര്‍ റഷ്യയില്‍ അത്തരമൊരു സംഭവം നടക്കുമ്ബോള്‍ നെറ്റി ചുളിക്കുകയാണെന്നും ഇവ്‌ലീവ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.