വയനാട്: വാകേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം. സീസിയില്‍ തൊഴുത്തില്‍ക്കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. വാകേരി സ്വദേശിയായ സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തിലുണ്ടായിരുന്ന എട്ട് മാസം പ്രായമുളള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം,
ഇന്ന് രാവിലെ സുരേന്ദ്രൻ നടക്കാൻ ഇറങ്ങിയപ്പോഴാണ് പശു തൊഴുത്തിന് പുറത്ത് നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് തൊഴുത്തിനകത്ത് പശുക്കിടാവിന്റെ പാതി ഭക്ഷിച്ച നിലയിലുള്ള ശരീരം കണ്ടെത്തിയത്. പശുക്കിടാവിനെ കടുവ ആക്രമിച്ചെന്നാണ് നിഗമനം. വാകേരിയിലും സമീപപ്രദേശമായ മൂടക്കൊല്ലിയിലും മുൻപും കടുവ ഇറങ്ങിയിരുന്നു. വാകേരിയില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ നരഭോജി കടുവയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം മാറിയാണ് പശുക്കിടാവിനെ കൊന്ന സ്ഥലം. ഇതോടെ വാകേരി നിവാസികളുടെ ഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്. വാകേരിയിലെ കടുവയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പരിശോധിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകേരിക്ക് അടുത്തുളള മൂടക്കൊല്ലി സ്വദേശിയായ പ്രജീഷ് എന്ന യുവകര്ഷകൻ ഡിസംബര്‍ ഒൻപതിന് നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നീണ്ട തിരച്ചിലുകള്‍ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് വനംവകുപ്പ് കടുവയെ പിടികൂടി കൂട്ടിലാക്കിയത്. തുടര്‍ന്ന് കടുവയെ തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഞാറ്റാടി എന്ന സ്ഥലത്ത് തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത് ഒരാഴ്ച മുൻപാണ്. ഇതിന് പിന്നാലെയാണ് വീണ്ടും കടുവയുടെ ആക്രമണം.