മധുര : തമിഴ്നാട്ടില്‍ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍. മധുര സ്വദേശിനിയായ ആര്‍.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസില്‍ മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെ തലമ്ബൂരിനടുത്ത് പൊൻമാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തില്‍ നിന്നും നന്ദിനി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നന്ദിനിയെ കൈകാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബ്ലെയ്ഡ് ഉപയോഗിച്ച് രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷമായിരുന്നു പ്രതി നന്ദിനിയെ ജീവനോടെ കത്തിച്ചത്. ശനിയാഴ്ച രാത്രിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ നന്ദിനിയെ പരിസരവാസികള്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും കണ്ടെത്തുന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മഹേശ്വരിയും നന്ദിനിയും മധുരയില്‍ ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുത്ത സൌഹൃദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ പഠനത്തിനായി നന്ദിനി സ്കൂള്‍ മാറി മറ്റൊരിടത്തേക്ക് പോയി. ഇതിനിടെ മഹേശ്വരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരാനായി മാറി. കഴിഞ്ഞ 8 മാസമായി ഇരുവരും ഒരേ ഐടി സ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ വഴക്കുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നന്ദിനി മറ്റ് പുരുഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നതില്‍ വെട്രിമാരൻ അതൃപ്തനായിരുന്നു. കുറച്ച് നാളായി നന്ദിനി വെട്രിമാരനുമായി സംസാരിച്ചിരുന്നില്ല. ഇതിനിടെ മറ്റൊരു യുവാവിനൊപ്പം നന്ദിനിയെ ഇയാള്‍ കണ്ടു. ഇതോടെയാണ് പ്രതി നന്ദിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. 24ന് നന്ദിനിയുടെ ജന്മദിനമായിരുന്നു. ഇതിന്‍റെ തലേന്ന് ശനിയാഴ്ച ഒരിക്കല്‍ കൂടി കാണണമെന്നും ഒരു സര്‍പ്രൈസ് സമ്മാനമുണ്ടെന്നും പറഞ്ഞാണ് വെട്രിമാരൻ നന്ദിനിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുവന്നത്. സമ്മാനം നല്‍കാനെന്ന വ്യാജേന കൈകള്‍ കെട്ടിയിട്ട ശേഷം പ്രതി യുവതിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.