ഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ നടപടി വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങള്‍.
വിനേഷ് ഫോഗട്ടിനു പിന്നാലെ കൂടുതല്‍ കായികതാരങ്ങള്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയേക്കും. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയെ സസ്‌പെൻഡ് ചെയ്‌തെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ഗുസ്തി താരങ്ങള്‍ തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബജ്രംഗ് പുനിയയുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ ജജറിലായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ തനിക്കൊപ്പം വ്യായാമം ചെയ്തെന്നും, ഗുസ്തിക്കാരുടെ ദിനചര്യയും മറ്റും നേരിട്ടറിയാനാണ് രാഹുല്‍ എത്തിയത് എന്നും ബജ്രംഗ് പുനിയ പറഞ്ഞു.
അര്‍ജുന-ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ കായികതാരങ്ങള്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയേക്കുമെന്നാണ് സൂചന. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. ബജ്‌റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കിയിരുന്നു. ഗുസ്തി താരങ്ങള്‍ പ്രതിഷേധം കടുപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് വിനേഷ് ഫോഗട്ടിന്റെ നടപടി. ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായതാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്താൻ കാരണം.
ഒളിമ്ബിക്‌സ് മെഡല്‍ ജേതാവായ സാക്ഷി മാലിക് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ ഗുസ്തി ഫെഡ്‌റേഷൻ ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാല്‍ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഗുസ്തി താരങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നത്.