മൂന്നാർ: ദേവികുളത്ത് കാട്ടുകൊമ്പൻ പടയപ്പയ്ക്ക് നേരെ ജീപ്പോടിച്ച് കയറ്റിയ സംഘത്തിനായി അന്വേഷണം ആരംഭിച്ച് വനം വകുപ്പും പൊലീസും. ആനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ജീപ്പ് ഓടിച്ചു കയറ്റിയ സംഘത്തിനായാണ് അന്വേഷണം ആരംഭിച്ചത്. റോഡരികിൽ നിന്ന കൊമ്പന്റെ നേരെ ആളുകൾ ജീപ്പോടിച്ച് കയറ്റുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ദേവികുളം റേഞ്ചിൽ ചോക്കനാട് എന്ന സ്ഥലത്തായിരുന്നു സംഭവം. ആന റോഡരികിൽ നിൽക്കുന്നത് കണ്ട് ഈ സംഘം ജീപ്പുമായി ആനയുടെ നേരെ ഓടിച്ച് കയറ്റുകയായിരുന്നു. ഇത് കണ്ട് നാട്ടുകാർ ബഹളം വയ്ക്കുകയും, വീഡിയോ പകർത്തുകയും ചെയ്തതോടെ ജീപ്പിലുണ്ടായിരുന്നവർ ജീപ്പ് ഉപേക്ഷിച്ചു ഓടിരക്ഷപെട്ടു. തുടർന്ന്, നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി ജീപ്പ് കസ്്റ്റഡിയിൽ എടുത്തു. വനം വകുപ്പും പൊലീസും വിഷയത്തിൽ കർശന നടപടി ആരംഭിച്ചിട്ടുണ്ട്. പടയപ്പയെ പ്രകോപിക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഇതിനിടെയാണ് ആനയെ പ്രകോപിക്കുന്ന രീതിയിൽ ജീപ്പോടിച്ച് കയറ്റിയ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.