വയനാട്: ബത്തേരിക്കടുത്ത് ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു. പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവയാണ് വനംവകുപ്പ് വ്യക്തമാക്കി. നാട്ടിൽ ഇറങ്ങിയത് ആൺ കടുവയാണ്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ നിന്നാണ് കടുവയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. അതിനെ തുടർന്നാണ് തൊഴുത്തിൽ കാമറ സ്ഥാപിച്ചത്. രണ്ടാം ദിവസം കടുവ എത്തിയപ്പോൾ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു.
വനം വകുപ്പിന്റെ ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം എത്തിയ കടുവ, കിടാവിന്റെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു മടങ്ങുകയായിരുന്നു. കടുവയുടെ പ്രായവും മറ്റു വിശദാംശങ്ങളും വനം വകുപ്പ് ശേഖരിച്ചുവരികയായിരുന്നു. പ്രദേശത്ത് കൂട് സ്ഥാപിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ, ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയിരുന്നു.