തിരുവനന്തപുരം: ഊര്‍ജമേഖലയിലെ മാറ്റം ഉള്‍ക്കൊണ്ട് കേരളം പുതിയ ഊര്‍ജനയം രൂപവത്കരിക്കുന്നു. എല്ലാ മേഖലകളിലും സൗരോര്‍ജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനു പുറമേ, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും നയം പ്രാധാന്യം നല്‍കും. നയം രൂപവത്കരിക്കാൻ വിദഗ്ധര്‍ ഉള്‍പ്പെടുന്ന 18 അംഗ സമിതിക്ക് സര്‍ക്കാര്‍ രൂപംനല്കി. വൈദ്യുതവാഹനങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് വൈദ്യുതി കൂടുതല്‍ ആവശ്യമായിവരും. ഇതിനായി സൗരോര്‍ജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികള്‍ക്ക് സമിതി രൂപംനല്‍കും.
വാഹനങ്ങളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് ഗ്രിഡിലേക്കു തിരിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള വി2ജി (വെഹിക്കിള്‍ ടു ഗ്രിഡ്) പ്രാവര്ത്തികമാക്കുന്നതിനെക്കുറിച്ചും പരിശോധിക്കാൻ നിര്‍ദേശിച്ചു. ഫെബ്രുവരി 15-നകം നയത്തിന്റെ കരടുരൂപം സര്‍ക്കാരിന് സമര്‍പ്പിക്കണം. ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാലാണ് സമിതിയുടെ അധ്യക്ഷൻ. ഇന്ത്യൻ സ്മാര്‍ട്ട് ഗ്രിഡ് ഫോറം പ്രസിഡന്റ് റെജി പിള്ള, റൂര്‍ക്കി ഐ.ഐ.ടി. പ്രൊഫസര്‍ അരുണ്‍ കുമാര്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ മുൻ ഡയറക്ടര്‍ ഡോ. വി.കെ. ദാമോദരൻ എന്നിവരാണ് സമിതിയിലെ വിദഗ്ധര്‍.