ബാർ ബഞ്ച് ബന്ധത്തിൻ്റെ ബഹുമാന്യത നില നിർത്തുന്നതിനു നടപടികൾ സ്വീകരിക്കണമെന്നും കേസുകളിലെ അദാലത്ത് ഇളവ് സംവിധാനം നിയമവിരുദ്ധമായതിനാൽ പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ നടന്നു.
ജില്ലാ സമ്മേളനം ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ബി അശോക് മുഖ്യപ്രഭാഷണം നടത്തി. വിവിധ സഭകളിലായി അഡ്വ. ജോഷി ചീപ്പുങ്കൽ, അഡ്വ. അനിൽ ഐക്കര, അഡ്വ. കുര്യൻ ജോസഫ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ. ശങ്കർ റാം സമാപന സന്ദേശം നൽകി. ദേശീയ സമിതിയംഗമായ അഡ്വ. കെ. സേതുലക്ഷ്മി ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ. എം. എസ് ഗോപകുമാർ, അഡ്വ. കെ പി സനൽകുമാർ, അഡ്വ.ശ്രീനിവാസൻ നായർ, അഡ്വ.രാജിത് കെ. ആർ, അഡ്വ. ബിന്ദു ഏബ്രഹാം, അഡ്വ. രോഹിത്. ആർ, അഡ്വ.രാജേഷ് സി മോഹൻ, അഡ്വ.പി. രാജേഷ് കുമാർ, അഡ്വ. വൈശാഖ് എസ് നായർ, തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വ. അനിൽ ഐക്കര ബാർ ബഞ്ച് ബന്ധത്തിൻ്റെ ബഹുമാന്യത നില നിർത്തുന്നതിനു നടപടികൾ സ്വീകരിക്കണമെന്ന പ്രമേയവും അഡ്വ. രാഹുൽ ഗോപിനാഥ് കേസുകളിലെ അദാലത്ത് ഇളവ് സംവിധാനം നിയമവിരുദ്ധമെന്ന പ്രമേയവും അവതരിപ്പിച്ച് സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി അഡ്വ. ജോഷി ചീപ്പുങ്കൽ (ജില്ലാ പ്രസിഡൻ്റ്), അഡ്വ. അനിൽ ഐക്കര, അഡ്വ. ഡി.മുരളീധർ, അഡ്വ. എസ് അഹീശ്, അഡ്വ.ബിന്ദു ഏബ്രഹാം(വൈസ് പ്രസിഡന്റുമാർ), അഡ്വ. കെ. പി സനൽകുമാർ (ജില്ലാ സെക്രട്ടറി) അഡ്വ. ആർ. രോഹിത്, അഡ്വ. രാജേഷ് പല്ലാട്ട്, അഡ്വ. സി. പ്രവീൺ കുമാർ, അഡ്വ. ലിജി എൽസ ജോൺ (ജോയിൻ്റെ സെക്രട്ടറിമാർ) , അഡ്വ. എസ്. ശ്രീനിവാസൻ നായർ (ട്രഷറർ), അഡ്വ. അജി ആർ നായർ, അഡ്വ. ലത പി നായർ, അഡ്വ. അരവിന്ദാക്ഷ മേനോൻ (കമ്മിറ്റിറ്റി അംഗങ്ങൾ) അഡ്വ. കെ. എം രശ്മി ( ജില്ലാ വനിതാ പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രമേയങ്ങളൂടെ പൂർണ്ണ രൂപം.
- ബാർ ബഞ്ച് ബന്ധത്തിൻ്റെ ബഹുമാന്യത നില നിർത്തുക – ഭാരതീയ അഭിഭാഷക പരിഷത്ത്, കോട്ടയം ജില്ലാ സമ്മേളനം. നീതി നിർവ്വഹണമേഖലയിലെ സ്തംഭങ്ങളായ നിയമ നിർമ്മാണ സഭ, നിർവ്വഹണ അധികാര കേന്ദ്രം, നീതിപീഠം (ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡിഷ്യറി) എന്നിവ തമ്മിലുള്ള ബഹുമാന്യതയും പരസ്പര വിശ്വാസ്യതയുമാണ് ഇന്ത്യൻ ജനാധിപത്യത്തെ കരുത്തുറ്റതാക്കി നിലനിർത്തുന്നത്. പരസ്പരം ബന്ധമില്ലാത്തതെങ്കിലും ഇവ തമ്മിൽ ബഹുമാന പൂർവ്വം സഹകരിക്കുന്നു. അതിൽ പ്രധാനപ്പെട ഘടകമായ ജുഡീഷ്യറിയുടെ അവിഭാജ്യ ഭാഗമാണ് അഭിഭാഷകർ. അഭിഭാഷകരില്ലാതെ കോടതികളില്ല, എന്നതു പോലെ കോടതികളില്ലാതെ അഭിഭാഷകരുമില്ല. കോടതികളിൽ ഓഫീസർമാരായിട്ടാണ് (കോർട്ട് ഓഫീസർ) അഭിഭാഷകരെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തു പോന്നിരുന്നത്. ഇപ്പോൾ മുൻ കാലത്ത് അങ്ങനെയായിരുന്നു എന്നു പറയേണ്ടി വരുന്നു. നിലവിൽ അഭിഭാഷകരോട് അർഹമായ സമത്വ ബോധം പുലർത്താൻ തയ്യാറാവാത്ത എണ്ണത്തിൽ കുറവുള്ള ചില ജുഡീഷ്യൽ ഓഫീസർമാർ തുനിഞ്ഞിറങ്ങിയിരിക്കുന്നു എന്നത് ഈ ബന്ധം കലുഷിതമാക്കുന്നു. ജുഡീഷ്യൽ ഓഫീസർമാരുടെ സംഘടന രൂപീകരിച്ച് ശരിയും തെറ്റും നോക്കാതെ ഇത്തരം ഓഫീസർമാർക്ക് പിന്തുണ നൽകുന്നതോടെ ഒറ്റക്കെട്ടായി എല്ലാവരും അഭിഭാഷക സമൂഹത്തിനു നേരെ തിരിയുന്ന പ്രവണതയുണ്ട് എന്നത് അവഗണിക്കാനാവില്ല,
തിരൂരിലും കോട്ടയത്തും അഭിഭാഷകരെ അവരറിയാത്ത കാര്യങ്ങളിൽ, അവരുടെ ഔദ്യോഗിക കർത്തവ്യങ്ങളിൽ പ്രവർത്തിച്ചു എന്ന ഒറ്റ കാര്യത്തിനു മാത്രം, പോലീസ് കേസിൽ പെടുത്തിയിരിക്കുന്നു എന്നത് അഭിഭാഷക ലോകത്തെ ഞെട്ടിച്ചു. അതിനു മുൻ കൈ എടുത്ത ജുഡീഷ്യൽ ഓഫീസർമാർ ഇന്നും പദവികളിൽ യാതൊരു അസ്വസ്ഥതയുമില്ലാതെ തുടരുകയുമാണ്. സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനു പോരാട്ടം നടത്തുന്ന അഭിഭാഷകർക്ക് തൊഴിലിടങ്ങളിൽ മാന്യതയും സുരക്ഷയും ലഭിക്കുന്നില്ല എന്നത് നീതി നിർവ്വഹണ സംവിധാനത്തിൻ്റെ പരാജയമായി അഭിഭാഷക പരിഷത്ത് വിലയിരുത്തുന്നു.
കോടതിയലക്ഷ്യം എന്ന ഏകാധിപത്യ നിയമം ഉപയോഗിച്ച് നിരപരാധികളും സീനിയർ അഭിഭാഷകരും ബാർ കൗൺസിൽ അംഗവുമുൾപ്പെടെയുള്ളവർക്കെതിരെ സ്വമേധയാ കേസ് എടുത്ത് ബന്ധം കൂടുതൽ വഷളാക്കൂന്നതിനുള്ള ശ്രമങ്ങൾ പുനർവിചിന്തനം ചെയ്യണം. അഭിഭാഷകർക്ക് പ്രതികരണമേ പാടില്ല എന്ന നയം ജുഡീഷ്യറിയുടെ അന്തസ്സിനു നിരക്കുന്നതല്ല. അഭിഭാഷക വൃത്തിയിൽ മതിയായ പരിചയമില്ലാത്തവർ ന്യായാധിപന്മാരായി അവരോധിക്കപ്പെടുന്നതാണ് പലയിടത്തും പ്രശ്നങ്ങളൂടെ മൂലകാരണമെന്ന് അഭിഭാഷക പരിഷത്ത് വിലയിരുത്തുന്നു. നീതിനിർവ്വഹണ രംഗത്തെ പരിണതപ്രജ്ഞരായ ന്യായാധിപരും അഭിഭാഷകരും ഉൾപ്പെടുന്ന സമൂഹം മുൻസിഫ്- മജിസ്ട്രേട്ട് നിയമനങ്ങളിൽ അഞ്ചുവർഷത്തെ അഭിഭാഷക പ്രവൃത്തി പരിചയ മാനദണ്ഡം പുനസ്ഥാപിക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത് ശ്രദ്ധേയമാണ്. ബഹു. ഹൈക്കോടതി അടിയന്തിരമായി ഈ വിഷയത്തിൽ തീരുമാനമെടുക്കണം എന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
പ്രമേയം – 2
കേസുകളിലെ അദാലത്ത് ഇളവ് സംവിധാനം നിയമവിരുദ്ധം.- ഭാരതീയ അഭിഭാഷക പരിഷത്ത്
മോട്ടോർ വാഹന നിയമത്തിലും ക്രിമിനൽ ശിക്ഷാ നിയമത്തിലും പരിഷ്‌കരണം വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ, മദ്യപിച്ചു വാഹനം ഓടിക്കുന്നതും വാഹനാപകടം ഉണ്ടാക്കുന്നതും, പരസ്യമായി മദ്യപിക്കുന്നതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂടുതൽ ഗുരുതരമായി കണ്ടുകൊണ്ട് അവയ്ക്ക് വലിയ പിഴ തുക നിശ്ചയിക്കുകയും ചെയ്‌തത് ഇത്തരം കുറ്റകൃത്യങ്ങളിൽ കുറവ് വരുത്തുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയായിരുന്നു. എന്നാൽ സമീപകാലത്ത് കേരളത്തിൽ കണ്ടുവരുന്നത് അദാലത്തുകളിൽ ഈ രീതിയിൽ ചാർജ് ചെയ്യുന്ന കേസുകൾക്ക് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വളരെ കുറഞ്ഞ പിഴ ശിക്ഷ നൽകി കുറ്റകൃത്യത്തെ ലഘൂകരിച്ച് ഖജനാവ് പെരുപ്പിക്കുന്നതിനുള്ള
ശ്രമങ്ങളാണ്. പ്രതി നേരിട്ട് ഹാജരാകുന്ന പക്ഷം വളരെ വലിയ ഇളവുകൾ നൽകുന്നു എന്ന നടപടി നിയമ വിരുദ്ധമാണ്.
കേന്ദ്രനിയമ ഭേദഗതികളുടെ ആത്യന്തിക ലക്ഷ്യം പരാജയപ്പെടുത്തുന്നതാണ് ഈ നീക്കം. ഇതുമൂലം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ യാതൊരു കുറവും വരുന്നില്ല എന്ന് മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങൾ ലഘുവായ നിയമലംഘനമേ ഉള്ളൂ എന്ന ചിന്താഗതി സമൂഹത്തിൽ പടരാനും ഇടയായിരിക്കുന്നു. മുൻപ് സമൻസ് ലഭിച്ച് കോടതിയില ഹാജരായി ശിക്ഷ ഏറ്റുവാങ്ങുന്നതിനു പകരം പോലീസുകാർക്ക് ഗൂഗിൾ പേ ചെയ്ത് നടപടികൾ അവസാനിപ്പിക്കുന്നത് നീതിനിർവ്വഹണ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണ്.
ഇപ്പോഴത്തെ കേരള സർക്കാരിന്റെ പ്രഖ്യാപിത നയം മദ്യപാനികളെ പ്രോത്സാഹിപ്പിക്കുകയും മദ്യത്തിൻ്റെ ചിലവിലൂടെ ഖജനാവിലേക്ക് പണം സ്വരൂപിക്കുകയും ആണ് എന്നതായതിനാൽ ഇതിൽ ഗൂഢാലോചന ഉണ്ടെന്നുള്ളത് വ്യക്തമാണ് പിഴ ശിക്ഷ കുടിയിരുന്നാൽ മദ്യവിൽപ്പന കുറയുകയും അതുവഴി സർക്കാരിന് വരുമാനം നഷ്ടമാവുകയും ചെയ്യും എന്നുള്ള ഭയപ്പാടാണ് ഈ ഇളവുകൾക്ക് പിന്നിൽ റോഡുകളിൽ പൊലിയുന്ന ജീവന് വില കൊടുക്കാതെയുള്ള ഈ ജനവിരുദ്ധ നിലപാട് സർക്കാർ തിരുത്തണമെന്ന് അഭിഭാഷക പരിഷത്ത് ആവശ്യപ്പെടുന്നു.