ദില്ലി: റെയില്‍ സുരക്ഷയ്ക്കുള്ള നടപടികളില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷ സംവിധാനമായ ‘കവച്’ എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്ന് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ.
ഇന്ത്യ തദേശീയമായി വികസിപ്പിച്ച ആന്റി കൊളീഷൻ സംവിധാനമാണ് ‘കവച്’. ഓരോ സിഗ്നല്‍ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്കുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കവചിന് സാധിക്കും.