കൊച്ചി: കുന്നത്ത് നാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് കുന്നത്ത് നാട് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. പതിനഞ്ചോളം പേരടങ്ങന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയതോടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം, കുന്നത്തുനാട് നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ്ജൻ്റേഴ്സ് കരിങ്കൊടി കാണിച്ചു. കോലഞ്ചേരിയില്‍ പരിപാടി കഴിഞ്ഞ് ബസില്‍ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജൻ്റേഴ്സ് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് നീക്കം ചെയ്തു. 2025 നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവകേരള സദസിനെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. മുതിര്‍ന്ന നേതാക്കളിറങ്ങും എന്ന് പറഞ്ഞു. എന്നാല്‍ മുതിര്‍ന്നവരെ കാണട്ടെയെന്ന് ഞങ്ങളും തീരുമാനിച്ചു. പ്രതിപക്ഷ നേതാവിൻ്റെ ആ ആഗ്രഹമൊന്നും ഇവിടെ ചിലവാകില്ലെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെയും കോണ്‍ഗ്രസിൻ്റേയും ബഹിഷ്ക്കര ആഹ്വാനം അദ്ദേഹത്തിൻ്റെ പാര്‍ട്ടിക്കാരടക്കമുള്ള ബഹുജനങ്ങള്‍ തളളി. കേരളത്തിന്റെ കാര്യത്തില്‍ ബിജെപിക്ക് നിരാശയുണ്ട്. കേരളം ബിജെപിയെ സ്വീകരിക്കുന്നില്ല. കേരളത്തിൻ്റേത് ഉറച്ച മത നിരപേക്ഷ മനസാണ്. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം ജനങ്ങള്‍ തള്ളുകയാണ്. ജനങ്ങള്‍ ഒരുമയോടെയുള്ള നാടിനെ ഒരു ശക്തിയും തകര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.