ചെന്നൈ: തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന് ലോകേഷ് കനഗരാജിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ലോകേഷിന്റെ ലിയോ കണ്ട മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹര്ജിക്കാരൻ. സംവിധായകന് ലോകേഷിന്റെ മാനസികനില പരിശോധിക്കണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ലോകേഷ് തന്റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന ലോകേഷിന് ക്രിമിനല്‍ മനസ്സാണെന്നും ഹര്ജിക്കാരന് പറയുന്നുണ്ട്.
ലോകേഷ് സംവിധാനം ചെയ്ത് ദളപതി വിജയ് പ്രധാന വേഷത്തില്‍ എത്തിയ ‘ലിയോ’ സിനിമ ടിവിയില്‍ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ‘ലിയോ’കണ്ടു തനിക്ക് മാനസിക സമ്മര്‍ദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകൻ ആരോപിക്കുന്നു. ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.
അടുത്തതായി രജനികാന്തിനെ വച്ച് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലോകേഷ് കനകരാജ്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിച്ചേക്കും എന്നാണ് സൂചന. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.