പത്തനംതിട്ട :
മകരവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി പത്തനംതിട്ട ജില്ലാ കലക്ടർ എ ഷിബുവിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് പരിശോധന നടത്തി. ഹോട്ടലുകൾ, ആശുപത്രികൾ, അരവണ – അപ്പം നിർമ്മാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കലക്ടർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
ഇവിടുത്തെ ശുചിത്വം, ഭക്തർക്കൊരുക്കുന്ന സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഭക്തർക്ക് വ്യക്തമാകും വിധം വിലവിവര പട്ടിക പ്രദർശിപ്പിക്കാനും ന്യായ വില മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും കലക്ടർ കർശന നിർദേശം നൽകി.
അതിനോടൊപ്പം കൂടുതൽ ജോലിക്കാരെ നിർത്തി ഭക്തർക്ക് സൗകര്യം ഒരുക്കാനും ഹോട്ടലുകൾക്ക് നിർദേശം നൽകി. സർക്കാർ ആശുപത്രി സന്ദർശിച്ച കലക്ടർ തകരാറിലായ മെത്തകൾ ഉടൻ തന്നെ മാറ്റാനും നിർദേശം നൽകി.
ഡ്യൂട്ടി മജിസ്ട്രേറ്റ് സുമീതൻ പിള്ള, ഡെപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ, സീനിയർ ക്ലർക്ക് സുമേഷ് എന്നിവരടങ്ങുന്ന റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡും കലക്ടറോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ജില്ലാ കലക്ടർ വിവിധ വകുപ്പുദ്യോഗസ്ഥരുമായി ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി വിവരങ്ങൾ ആരാഞ്ഞു. കെ എസ് ബി, ആരോഗ്യ വിഭാഗം, ദേവസ്വം, അഗ്നി രക്ഷാസേന, ഫോറസ്റ്റ്, പൊലീസ്, എൻ ഡി ആർ എഫ് പ്രതിനിധികൾ മകരവിളക്ക് മുന്നൊരുക്കം സംബന്ധിച്ച കാര്യങ്ങൾ കലക്ടറെ ധരിപ്പിച്ചു. ജില്ലാ കലക്ടർ എ ഷിബുവിനൊപ്പം ശബരിമല എ ഡി എം സൂരജ് ഷാജി, ഡ്യൂട്ടി മജിസ്ട്രേട്ട് ആർ സുമീതൻ പിള്ള എന്നിവരും യോഗത്തിൽ പങ്കെടുത്തു. രാവിലെ നടന്ന അവലോകന ശേഷത്തിനു ശേഷം ശബരിമല എ ഡി എം സൂരജ് ഷാജിയുടെ നേതൃത്വത്തിൽ ഏഴു പേരടങ്ങുന്ന രണ്ടു ടീം സന്നിധാന പരിസരങ്ങളിൽ സംയുക്ത സ്ക്വാഡ് പരിശോധന നടത്തിയിരുന്നു.