കോട്ടയം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെ.സ്മാർട്ട് പദ്ധതിയിലെ പിഴവ് മൂലം സാധാരണക്കാർ വലയുന്നു. കെട്ടിട നിർമ്മാണ അപേക്ഷയും, കെട്ടിട നികുതിയും അടക്കമുള്ള അടയ്ക്കാനാവാതെയാണ് സാധാരണക്കാരായ ആളുകൾ വലയുന്നത്. ഇത്തരത്തിൽ സാധാരണക്കാരായ ആളുകൾ ബുദ്ധിമുട്ടിയിട്ട് പോലും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കോട്ടയം നഗരസഭയിൽ കെട്ടിട നിർമ്മാണ അപേക്ഷയുമായി എത്തിയ നിരവധി ആളുകളാണ് അപേക്ഷ നൽകാനാവാതെയും, ഫീസ് അടയ്ക്കാനാവാതെയും മടങ്ങിപ്പോകുന്ന സാഹചര്യം ഉള്ളത്. ഇത് കൂടാതെയാണ് കെട്ടിട നികുതി അടക്കം അടയ്ക്കാൻ എത്തുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ. കെട്ടിട നികുതി അടയ്ക്കാൻ എത്തുന്നവർക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതി നടപ്പാക്കുന്നതോടെ സാധാരണക്കാരുടെ ബുദ്ധിമുട്ട് കുറയുമെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ, ഇപ്പോഴും ഈ ആപ്പ് പൂർണ പ്രവർത്തന സജ്ജമാകാത്തത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. കെ.സ്മാർട്ട് എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും, സാധാരണക്കാരുടെ ബുദ്ധിമുട്ട് പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേയ്ക്ക് ഇറങ്ങുമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി , കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.അനൂപ് കങ്ങഴ , ആർ.അശോക് എന്നിവർ അറിയിച്ചു.