പത്തനംതിട്ട: ശബരിമല മകരവിളക്കിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്. ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ശബരിമല തീര്‍ത്ഥാടനത്തിനായി വിട്ടു നല്‍കും. തീര്‍ത്ഥാടകരുമായി പോകുന്ന ബസുകള്‍ വഴിയില്‍ തടഞ്ഞിടരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഓരോ പൊലീസുകാരും തോന്നും പോലെ ബസ് വഴിയില്‍ തടഞ്ഞു ഇടുന്ന സ്ഥിതിയുണ്ടെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
ആളില്ലാത്ത സ്ഥലത്ത് ബസ് പിടിച്ചു ഇട്ടാല്‍ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടും. പൊലീസുകാര്‍ ഇക്കാര്യം പരിഗണിക്കണമെന്നും ഗതാഗത മന്ത്രി നിര്‍ദ്ദേശിച്ചു. ബസിനു മുന്നിലിരുന്നുളള ശരണം വിളി സമരവും ശരിയല്ല. സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നത്. നിലയ്ക്കലില്‍ ബസില്‍ കയറാനുള്ള തിരക്ക് കുറയ്ക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതുപോലെ അരവണയും അപ്പവും പമ്പയില്‍ വിതരണം ചെയ്യണം. അപ്പോള്‍ സന്നിധാനത്തു തിരക്ക് കുറയുമെന്നും ഗതാഗത മന്ത്രി നിര്‍ദ്ദേശിച്ചു.