ആർപ്പൂക്കര : ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രം അതിരമ്പുഴയുടെയും ആഭിമുഖ്യത്തിൽ ആന്റിനേറ്റൽ കോൺക്ലേവ് എന്ന പരിപാടി സംഘടിപ്പിച്ചു. ഗർഭിണികളുടെ ആരോഗ്യം, ഗർഭകാല സങ്കീർണതകളായ രക്താതിസമ്മർദ്ദം, പ്രമേഹം, അബോർഷൻ സാധ്യതകൾ, വിളർച്ച മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ , ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം കൂടാതെ, അമ്മയ്ക്കും കുഞ്ഞിനുമായി നടപ്പാക്കിയിരിക്കുന്ന വിവിധ പദ്ധതികൾ അതോടൊപ്പം ലക്ഷ്യ എന്ന പദ്ധതിയിൽ ഗർഭിണിക്കൊപ്പം പ്രസവ സമയത്ത് അമ്മയെയോ സഹോദരിയെയോ, കൂടെ നിർത്തുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങളെ കുറിച്ചും പ്രതിപാദിച്ചു. ഗർഭിണി ആണെന്ന് അറിഞ്ഞാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു, മാതൃശിശു സംരക്ഷണ കാർഡ് കിട്ടി എന്ന് ഓരോ ഗർഭിണിയും ഉറപ്പു വരുത്തേണ്ടതാണ്. പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകതയെ കുറിച്ചും, പ്രാധാന്യത്തെ കുറിച്ചും ക്ലാസ് എടുത്തു. ദമ്പതികളുടെ മാനസിക ആരോഗ്യത്തിനും, കുട്ടികൾ തമ്മിലുള്ള ഇടവേളകൾ ക്രമീകരിക്കുന്നതിനും, തൽക്കാലികവും , സ്ഥിരവുമായ കുടുംബാസൂത്രണ മാർഗ്ഗങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. തൊണ്ണംകുഴി ഗവണ്മെന്റ് എൽ പി സ്കൂളിൽ വച്ചു നടന്ന പരിപാടി , ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ദീപ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയ് പുതുശ്ശേരി , മുൻ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് ആശംസകൾ അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഇന്ദു ജി. മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം ഡോക്ടർ ഇന്ദുലക്ഷ്മി ക്ലാസ്സുകൾ നയിച്ചു. പബ്ലിക് ഹെൽത്ത് നഴ്‌സ് ഇന്ദുകുമാരി , ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ സി , നാടൻ പതിച്ചി ശാന്തമ്മ പുരുഷോത്തമൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ആരോഗ്യപ്രവർത്തകർ , ആശ പ്രവർത്തകർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.