ദില്ലി: പാര്‍ട്ടിയിൽ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൾ സംയോജിപ്പിച്ച പുസ്തകത്തിലാണ് ബൃന്ദയുടെ പരാമര്‍ശങ്ങൾ. ആൻ എജുക്കേഷൻ ഫോര്‍ റിത എന്നാണ് പുസ്തകത്തിന്റെ പേര്. നിരന്തരം സ്ത്രീകൾ അവഗണിക്കപ്പെടുന്നുവെന്ന് പാര്‍ട്ടിയിൽ പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുൻകാല അനുഭവങ്ങൾ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.
നേരത്തെ കൊൽക്കത്ത പാര്‍ട്ടി കോൺഗ്രസിൽ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളിൽ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയിൽ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയിൽ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നാണ് ബൃന്ദ ഉന്നയിക്കുന്ന മറ്റൊരു കാര്യം. ആണവകരാറിനെതിരെ കോൺഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്നി ഓര് വോ (ഭര്‍ത്താവും ഭാര്യയും സുഹൃത്തും) എന്ന് ചില പത്രങ്ങൾ തലക്കെട്ട് നൽകിയതുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശം. അന്ന് പാര്‍ട്ടി പിബിയിൽ ഇവര്‍ക്ക് പിന്തുണ നൽകിയത് കേരളത്തിൽ നിന്നുള്ള പിബി അംഗമായ എസ് രാമചന്ദ്രൻ പിള്ളയായിരുന്നു. ഈ നിലയിൽ പാര്‍ട്ടി നേതാക്കളുടെ ഇടയിൽ നിന്നും നീക്കമുണ്ടായെന്ന് പുസ്തകത്തിൽ ബൃന്ദ സൂചിപ്പിക്കുന്നുണ്ട്.
ദില്ലിയിൽ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിൽ തനിക്ക് പിന്തുണ ലഭിച്ചുവെന്നും എന്നാൽ ഉന്നത സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ അവഗണിച്ചുവെന്നുമാണ് ഓര്‍മ്മക്കുറിപ്പിലെ പരാമര്‍ശങ്ങൾ. പഴയ കാലത്തെ അനുഭവങ്ങളാണ് ബൃന്ദ പറയുന്നത്. ബംഗാൾ ഘടകം ഏറെക്കാലമായി ബൃന്ദയ്ക്കും പ്രകാശ് കാരാട്ടിനും എതിരാണ്.