കോട്ടയം: കോട്ടയം സംക്രാന്തി മഠത്തിൽ പറമ്പ് നീലിമംഗലം പാലത്തിന്റെ സമീപത്ത് കഴുന്ന ആക്രമണം. ആക്രമണത്തിൽ പ്രദേശവാസികളായ എട്ട് പേർക്ക് പരിക്കേറ്റു. സമീപത്തുള്ള കാട്ടിൽ നിന്നാണ് കഴുന്ന മീനച്ചിലാറിന്റെ സമീപത്തു എത്തുന്നതും കടവിൽ എത്തുന്നവരെ ആക്രമിക്കുകയും ചെയ്യുന്നത്. വേനൽ കാലം ആയതുകൊണ്ട് തന്നെ ഈ പ്രദേശത്തുള്ള 40 ഓളം കുടുംബവും കൂടുതൽ ആശ്രയിക്കുന്നത് മീനച്ചിലാറിനേയാണ്. അതുകൊണ്ട് തന്നെ കഴുന്നയുടെ നിരന്തര ആക്രമണത്തിന്റെ ആശങ്കയിലാണ് ഇപ്പോൾ നാട്ടുകാർ.
ഇന്നലെ അലക്കാൻ ഇറങ്ങിയപ്പോഴാണ് പ്രദേശവാസിയായ റസീന എന്ന വീട്ടമ്മയ്ക്ക് കഴുന്നയുടെ ആക്രമണത്തിൽ കടിയേറ്റത്. അലക്കാൻ ഇറങ്ങിയപ്പോൾ പുറകിൽ നിന്ന് വന്നു കാലിൽ കടിക്കുകയായിരുന്നു. ആറിൽ കൂടി മുങ്ങാങ്കുഴിയിട്ട് കൂട്ടത്തോടെ വന്നാണ് കഴുന്ന ആക്രമണം നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ വേനൽ കാലം ആയതുകൊണ്ട് കഴുന്ന വളരെ അക്രമാസക്തമാണെന്ന നിലപാടാണ് ആശുപത്രി അധികൃതരും അറിയിച്ചത്.