അരികളില്‍ വൈവിധ്യമേറെയുണ്ട്. നമ്മള്‍ സാധാരണഗതിയില്‍ ചോറ് തയ്യാറാക്കാനായി ഉപയോഗിക്കുന്ന അരികളില്‍ തന്നെ വറൈറ്റികള്‍ പലതുണ്ട്. എന്നാല്‍ വിശേഷാവസരങ്ങളാകുമ്പോള്‍ മുന്തിയ ഇനം അരിയേ നമ്മള്‍ തെരഞ്ഞെടുക്കാറുള്ളൂ. അത്തരത്തില്‍ ഏറെയും തെരഞ്ഞെടുക്കപ്പെടുന്ന അരിയാണ് ബസുമതി. ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ് പ്രധാനമായും ബസുമതി റൈസ് കൃഷി ചെയ്യുന്നതും കയറ്റുമതി നടത്തുന്നതുമെല്ലാം.
ഇപ്പോഴിതാ ഇന്ത്യയുടെ സ്വന്തം ബസുമതി റൈസിന് ലോകത്തിന്‍റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. പ്രമുഖ ഫുഡ് ആന്‍റ് ട്രാവല്‍ ഗൈഡായ ‘ടേസ്റ്റ് അറ്റ്ലസ്’ ആണ് ലോകത്തിലെ ഏറ്റവും മികച്ച അരിക്കുള്ള പുരസ്കാരം ബസുമതി റൈസിന് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ നേട്ടത്തില്‍ ഇന്ത്യക്ക് ഏറെ അഭിമാനിക്കാം. അരിയുടെ ഗുണമേന്മയുടെ കാര്യത്തിലായാലും രുചിയുടെയും ഗന്ധത്തിന്‍റെയും കാര്യത്തിലായാലും ഏറെ മുന്നില്‍ നില്‍ക്കുന്ന അരിയാണ് ബസുമതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലാവ്, ബിരിയാണി എന്നിങ്ങനെ ആളുകളുടെ ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കാനെല്ലാം ഏറ്റവുമാദ്യം പരിഗണിക്കുന്ന അരി കൂടിയാണിത്. വേവിച്ചുകഴിഞ്ഞാല്‍ പരസ്പരം ഒട്ടിക്കിടക്കാത്ത തരം അരിയാണ് ബസുമതി. ഇതാണ് ബസുമതിയുടെ ഒരു സവിശേഷതയായി കണക്കാക്കപ്പെടുന്നത്. പരസ്പരം ഒട്ടുന്നില്ല എന്നതിനാല്‍ തന്നെ ഏത് കറിക്കൊപ്പം കഴിക്കുമ്പോഴും കറിയുമായി ഈ റൈസ് ചേര്‍ന്നുകിടക്കും. ഇത് കഴിക്കുമ്പോള്‍ രുചി ഇരട്ടിക്കും.
കാണാനും വളരെ ‘പെര്‍ഫെക്ട്’ ആയിരിക്കുന്ന അരിയാണ് ബസുമതി. അതിനാലാണ് ആഘോഷപരിപാടികളിലും മറ്റും വിശേഷമായി ബസുമതി തന്നെ വാങ്ങി, പാകം ചെയ്ത് വിളമ്പുന്നത്.
എന്തായാലും ഇന്ത്യയുടെ സ്വന്തം ബസുമതിക്ക് ലോകത്തിന്‍റെ അംഗീകാരം കിട്ടുന്നുവെന്നത് തീര്‍ച്ചയായും സന്തോഷിപ്പിക്കുന്ന സംഗതി തന്നെയാണ്. ബസുമതി കഴിഞ്ഞാല്‍ പിന്നെ അര്‍ബോറിയോ എന്ന, ഇറ്റലിയില്‍ നിന്നുള്ള അരിക്കാണ് അംഗീകാരം കിട്ടിയിരിക്കുന്നത്. അതുകഴിഞ്ഞാല്‍ കരോളിനോ റൈസ് ( പോര്‍ച്ചുഗല്‍)ഉം തെരഞ്ഞെടുക്കപ്പെട്ടു.