ന്യൂഡൽഹി : തണുപ്പകറ്റാൻ കല്‍ക്കരി കത്തിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ന്യൂഡല്‍ഹിയിലെ അലിപൂരിലാണ് സംഭവം. അതിശൈത്യത്തെ തുടര്‍ന്ന് വീടിനുളളില്‍ കല്‍ക്കരി കത്തിച്ചുവച്ചാണ് കുടുംബത്തിലുളളവര്‍ കിടന്നുറങ്ങിയത്. സംഭവത്തില്‍ രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹങ്ങള്‍ ഒരേ മുറിയില്‍ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രാജ്യതലസ്ഥാനത്ത് അതിശൈത്യത്തില്‍ ഗതാഗത സംവിധാനങ്ങളിലും തകരാറുണ്ടായി. നിരവധി വിമാനങ്ങളുടെ സര്‍വീസുകളും വൈകി. ന്യൂഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന ഏഴ് വിമാനങ്ങള്‍ ജയ്പൂരിലേക്കും ഒരു വിമാനം മുംബയിലേക്കും വഴി തിരിച്ചുവിട്ടു. നോര്‍ത്തേണ്‍ റെയില്‍വേയുടെ 22 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും സഞ്ചരിച്ച ഇൻഡിഗോയുടെ പ്രത്യേക വിമാനം വൈകിയാണ് സര്‍വീസ് നടത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്നും മണിപ്പൂരിലെ ഇംഫാലിലേക്കായിരുന്നു വിമാനം സര്‍വീസ് നടത്തിയത്. ശൈത്യം അതിരൂക്ഷമായി തുടരുന്നതിനിടെ കാലാവസ്ഥാ കേന്ദ്രം ന്യൂഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആയ നഗറില്‍ കഴിഞ്ഞ ദിവസം രാവിലെ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ദേശീയ തലസ്ഥാന മേഖലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.