തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരായ ആർ ഒ സി റിപ്പോർട്ടിൽ വ്യക്തമായ മറുപടി ഇല്ലാതെ സിപിഎം. ആർ ഒ സി റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്തും വീണാ വിജയനെ ന്യായീകരിച്ചും സിപിഎം കേന്ദ്രകമ്മറ്റിയംഗം എ കെ ബാലൻ രംഗത്തെത്തി. വീണ അഴിമതി നടത്തിയിട്ടില്ലെന്നും സേവനം നൽകിയെന്ന് എക്സാലോജിക്കിന് തെളിയിക്കാൻ കഴിയുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. അവസരം കിട്ടിയിട്ടും തെളിവ് നൽകിയില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ ബാലൻ വിവരങ്ങൾ കൈ മാറിയെന്നും പറഞ്ഞു. പിന്നെ എന്തുകൊണ്ട് അത് റിപ്പോർട്ടിലില്ലെന്ന ചോദ്യത്തിൽ നിന്നും ബാലൻ ഒഴിഞ്ഞുമാറി.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നാണ് രജിസ്റ്റാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക കണ്ടെത്തൽ. എക്സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്നാണ് കണ്ടെത്തൽ. വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സാലോജിക് കമ്പനി മരവിപ്പിച്ചത് പലതും മറച്ചുവയ്ക്കാനെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. എക്സാലോജിക്കിനും വീണക്കും കുരുക്കായ ആർഒസി ബംഗ്ളൂരുവിൻറെ റിപ്പോർട്ടിൽ മരവിപ്പിക്കലിലെ ക്രമക്കേടും പുറത്തുകൊണ്ടുവരുന്നു. കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട്. മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള യോഗ്യത പോലും ഇല്ലാതിരിക്കെയാണ് 2022ൽ എക്സാലോജിക്ക് അപേക്ഷ നൽകിയത്.
രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷനൽകാനാകൂ. എന്നാൽ 2021ൽ മേയിൽ എക്സാലോജിക്ക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആർ ഒ സി കണ്ടെത്തി. തീർപ്പുകൽപ്പിക്കാത്ത നിയമനടപടികളോ, നികുതി അടക്കാനുണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാനാവില്ല. നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്സാലോജിക്ക് നൽകിയ രേഖ. എന്നാൽ 2021ൽ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടർക്ക് അടക്കം നോട്ടീസ് കിട്ടയത് എക്സാലോജിക്ക് മറച്ചുവച്ചു.