പാമ്പാടി: പാമ്പാടി കെ.ജി. കോളജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നാല്പതാം വാർഷികം, ഗ്രിഗോറിയൻ മഹാസംഗമമായി കെ.ജി. കോളജിൽ നടത്തപ്പെടുന്നു. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ നാമധേയത്തിൽ 1981-ൽ സ്ഥാപിതമായ കലാലയത്തിലെ ആദ്യ പ്രീഡിഗ്രി ബാച്ച് പടിയിറങ്ങിയ ശേഷം 1984-ൽ രൂപം കൊണ്ട പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ഗ്രിഗോറിയൻ, നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച, ഡോ. വിധു പി. നായർ ഐ എഫ് എസ് (അംബാസഡർ, അംഗോള), ശ്രീ ജെനു ദേവൻ ഐ.എ. എസ്. (ഗുജറാത്ത് കേഡർ) എന്നിവരെ പോലെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ തങ്ങളുടേതായ പ്രാഗല്ഭ്യം പ്രകടമാക്കിയ നിരവധി ഗ്രിഗോറിയന്മാരെ സംഭാവന ചെയ്യാൻ കെ.ജി. കോളജിന് സാധിച്ചിട്ടുണ്ട്. പ്രീഡിഗ്രി ബാച്ചുകളുമായി പ്രിൻസിപ്പൽ പ്രൊഫ. ടൈറ്റസ് വർക്കിയുടെ നേതൃത്വത്തിൽ ആരംഭിച്ച കെ.ജി. കോളജിന്റെ അദ്ധ്യയന ചരിത്രം എട്ട് ബിരുദ പഠന വിഭാഗവും രണ്ട് ബിരുദാനന്തര പഠന വിഭാഗവും ഒരു ഗവേഷണ വിഭാഗവും ഉൾപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി ഉയർന്നിരിക്കുകയാണ്.
തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ നിലകൊള്ളുന്ന കെ.ജി. കോളജിന് ഇന്ന് പുതുതലമുറ വിദ്യാർത്ഥികളേയും ആകർഷിക്കാൻ സാധിക്കുന്നുണ്ട്. റൂബി ജൂബിലി ഗ്രിഗോറിയൻ മഹാസംഗമം 2024 ജനുവരി 21 ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പത്ത് വിദേശ ഗ്രിഗോറിയൻ ചാപ്റ്ററുകളിൽ ഉൾപ്പെട്ട, ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേരുന്ന ഈ യോഗത്തിൽ പങ്കെടുക്കുന്നതിന്, ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ മുതൽ ഇക്കഴിഞ്ഞ വർഷം അധ്യയനം പൂർത്തിയാക്കിയവർ വരെ ഈ സംഗമത്തിൽ ഒത്തുചേരും. ഒപ്പം വിവിധ കാലയളവിൽ കെ.ജി. കോളജിൽ പ്രവർത്തിച്ച പ്രിൻസിപ്പൽമാർ, അധ്യാപകർ അനധ്യാപകർ എന്നിവർ സംഗമത്തിൽ എത്തിച്ചേരുന്നതാണ്.
11:30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം ഗ്രിഗോറിയനും യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെ പ്രസ്തുത ചടങ്ങിൽ ആദരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റമ്പാൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഗ്രിഗോറിയൻ വെരി റവ. ഫാ. മത്തായി റമ്പാനെ തദവസരത്തിൽ പൂർവ്വവിദ്യാർത്ഥി സംഘടന ആദരിക്കുന്നതാണ്.
മുൻ പ്രിൻസിപ്പൽമാർ, അധ്യാപകർ അനധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ഒത്തുചേരുന്ന യോഗത്തിൽ ഗ്രിഗോറിയൻ കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. പ്രിൻസിപ്പൽ പ്രൊഫ.(ഡോ.) റെന്നി പി. വർഗീസ്, അലംമ്നെ കോഡിനേറ്റർ ഡോ. തോമസ് ബേബി, പ്രസിഡന്റ് ശ്രീ. ഷാജി കെ. തോമസ് കുറിയന്നൂർ, സെക്രട്ടറി ബിജു കടവുംഭാഗം എന്നിവരുൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഈ മഹാസംഗമത്തിന് നേതൃത്വം വഹിക്കുന്നു.