തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കമ്പനിയുടെ പേരിലല്ലാതെ, വ്യക്തിപരമായി സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയതിനെയും ചോദ്യം ചെയ്ത് രജിസ്ട്രാർ ഓഫ് കമ്പനീസ്. 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വന്നതിനെ കുറിച്ചുള്ള വീണയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. അതേസമയം, ആർഒസിയുടെ ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.
വീണയുടെ അക്കൗണ്ടിലേക്ക് എങ്ങനെ പണമെത്തി? കമ്പനിയുടെ പേരിലല്ലാതെ എങ്ങനെ പണം കൈപ്പറ്റിയെന്നാണ് ആർഒസിയുടെ ചോദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
55 ലക്ഷം രൂപ കിട്ടിയത് എങ്ങനെയാണ്. എന്നാൽ സ്വന്തം നിലയിൽ നൽകിയ സോഫ്റ്റ്‍വെയർ സേവനത്തിനാണെന്ന് വീണ മറുപടി പറയുന്നുണ്ട്. ഇതിനായി പ്രത്യേക കരാറില്ലെന്നും വീണയുടെ മറുപടിയിലുണ്ട്. വീണയുടെ മറുപടി തൃപ്തികരമല്ലെന്നാണ് നിലവിലെ അന്വേഷണ റിപ്പോർട്ട്. ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്ന് പറഞ്ഞ വീണ ചോദ്യങ്ങൾക്ക് ആധാരമായ രേഖകളുടെ വിവരം തന്നാൽ തുടർമറുപടി നൽകാം എന്നാണ് പറയുന്നത്.
അതേസമയം, സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ മാത്രമല്ല ആർഒസി ക്രമക്കേട് ചൂണ്ടിക്കാടുന്നത്. എക്സാലോജിക്കിന് സോഫ്ട്‍വെയർ സർവീസിനെന്ന പേരിൽ പ്രതിമാസം മൂന്ന് ലക്ഷം രൂപ കിട്ടിയതിന് പുറമേ, വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിലാണ് ആർഒസി സംശയം ഉന്നയിച്ചത്. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ബെംഗളൂരു ആർഒസിയുടെ ചോദ്യം.
സ്വന്തം നിലയിൽ സോഫ്റ്റ്‍വെയർ കൺസൽട്ടൻസി സേവനം നൽകാനാകുന്ന ഐടി പ്രൊഫഷണലാണ്താനെന്നായിരുന്നു വീണയുടെ മറുപടി. അത്തരം സേവനമാണ് സിഎംആർഎല്ലിന് നൽകിയത്. പക്ഷെ ഇതിനായി പ്രത്യേക കരാറില്ലെന്ന് വീണ സമ്മതിക്കുന്നുണ്ട്. ഇങ്ങനെ കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ടെന്നും മറുപടിയിലുണ്ട്. എന്നാൽ ആർഒസി ചോദ്യങ്ങളിൽ അവ്യക്തതയുണ്ടെന്ന് വീണ പറയുന്നു. ചോദ്യങ്ങൾക്ക് ആർഒസി ആധാരമാക്കിയ രേഖകളുടെ വിശദാംശങ്ങൾ നൽകിയാൽ തുടർ മറുപടി നൽകാമെന്നും പറയുന്നു.
വീണയാണോ, എക്സാലോജിക്കാണോ, സിഎംആർഎല്ലിന് സേവനം നൽകിയത്, എന്തൊക്കെ സേവനം നൽകി എന്നീ കാര്യങ്ങളിലെ മറുപടികളിൽ തൃപ്തികരമല്ലെന്നാണ് ആർഒസി പറയുന്നത്. വീണയും കമ്പനിയും നൽകിയ മറുപടികൾ തള്ളിയാണ് കമ്പനി ഇടപാടുകളിലെ തട്ടിപ്പിനും രേഖകളിൽ കൃത്രിമത്വം കാണിച്ചതിനും എതിരായ വകുപ്പുകൾ ചുമത്താമെന്ന് ആർഒസി കണ്ടെത്തിയത്.