കോട്ടയം: എം. സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ ഓടിച്ചു പോയ കാർ, മണിപ്പുഴ ജംഗ്ഷനിൽ കുടുങ്ങി. തുടർന്ന് കാർ ഓടിച്ച രണ്ട് യുവാക്കളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിനുള്ളിൽ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നതായും, ഇവർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടതായും നാട്ടുകാർ പറയുന്നു. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. മറിയപ്പള്ള കൈനടിയിൽ മോൻസൺ പി.കുമാർ (30) , പാക്കിൽ കൊച്ചുപറമ്പിൽ നിധിൻ (30) എന്നവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന സ്കൂട്ടറിൽ പിന്നിൽ നിന്നും എത്തിയ കാർ ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിനു നടുവിലെ ഡിവൈഡറിൽ കുടുങ്ങി. നാട്ടുകാർ ഓടിക്കൂടിയതോടെ കാർ യാത്രക്കാർ കാർ ഓടിച്ചു പോയി. മീറ്ററുകൾ മുന്നോട്ടു പോയി മണിപ്പുഴയിൽ എത്തിയപ്പോൾ കാർ നിന്നു പോയി. ഈ സമയം കാറിനുള്ളിലുണ്ടായിരുന്ന യുവതികൾ പുറത്തിറങ്ങി രക്ഷപെട്ടതായി നാട്ടുകാർ പറയുന്നു. തുടർന്ന്, നാട്ടുകാർ ചേർന്ന് കാറിനുള്ളിലുണ്ടായിരുന്ന യുവാക്കളെ തടഞ്ഞു വച്ചു. തുടർന്ന് ചിങ്ങവനം പൊലീസിനു കൈമാറി. ഇടുക്കി, തിരുവനന്തപുരം സ്വദേശികളായ യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുക്കും.