കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണം പൂർത്തിയായി. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും ആരോപണമുണ്ട്.
കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിലാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ ഉത്തരവിട്ടത്. ജനുവരി 7നകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. പ്രിൻസിപ്പൽ ജഡ്ജും വിചാരണ കോടതി ജഡ്ജുമായ ഹണി എം വർഗീസിനായിരുന്നു അന്വേഷണത്തിനുള്ള നിർദ്ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിൽ കോടതി ഇതുവരെ കേസ് എടുക്കുകയോ മറ്റ് തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
കേസിലെ പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്നും തുടർ നടപടി എന്താണെന്ന് പോലും അറിയിച്ചിട്ടില്ലെന്നുമാണ് ആരോപണം. അന്വേഷണ ഘട്ടത്തിൽ രണ്ട് വട്ടം തെളിവുകൾ കൈമാറാൻ അപേക്ഷ നൽകിയിട്ടും പ്രിൻസിപ്പൽ ജഡ്ജ് അത് പരിഗണിക്കാൻപോലും തയ്യാറായില്ല. തന്നെ ഇരുട്ടിൽ നിർത്തിയാണ് തന്റെ ജിവിതത്തിന് ഭീഷണിയാകുന്ന ഒരു സംഭവത്തിൽ അന്വേഷണം നടത്തിയത്. ഈ സാഹചര്യത്തിൽ കേസിലെ തുടർ നടപടി എന്തെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാൻ കോടതി ഇടപെടണമെന്നുമാണ് ആവശ്യം. അന്വേഷണ കാര്യത്തിൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.