കടുത്തുരുത്തിയിൽ കുടുംബത്തിന് വീടൊരുക്കാന്‍ പെരുവയിലെ സ്നേഹതണല്‍

കടുത്തുരുത്തി; കടുത്തുരുത്തി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിര്‍ദ്ധന കുടുംബത്തിന് വീടൊരുക്കാന്‍ പെരുവയിലെ സ്നേഹതണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും കടുത്തുരുത്തി പ്രസ്സ് ക്ലബ്ബും കൈ കോര്‍ക്കുന്നു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം നടത്തുക. വീടിന്റെ ശിലാസ്ഥാപനം സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ നിര്‍വഹിച്ചു. രണ്ട് കിടപ്പുമുറികളും ഹാളും  അടുക്കളയും ഉള്‍പെടെയുള്ള സൗകര്യങ്ങളോട് കൂടിയ വീടാണ് നിര്‍മിക്കുന്നത്. നാല് മാസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപന കര്‍മത്തില്‍ പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭവനങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് ചുമതല വഹിക്കുന്ന കമ്മിറ്റിയുടെ കണ്‍വീനര്‍ ജോര്‍ജ് പുളിക്കീല്‍, ഔസേപ്പച്ചന്‍ ചീരക്കുഴി, ജോര്‍ജ് നിരവത്ത്, സ്‌നേഹതണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം, സെക്രട്ടറി, ലിയോ ഏലിയാസ്, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ബിജു ഇത്തിത്തറ, ട്രഷറര്‍ അജേഷ് ജോണ്‍, കമ്മിറ്റിയംഗങ്ങളായ ജോസഫ് മുകളേല്‍, ജോര്‍ജ് മുകളേപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുവദമ്പതികളും കുരുന്നുകളായ രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം 2021 ലാണ് സ്വന്തമായി കിടപ്പാടമെന്ന സ്വപ്നത്തിനായി സഹകരണ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വായ്പയെടുത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങുന്നത്. തുടര്‍ന്ന് വീട് നിര്‍മാണത്തിനായി കല്ലിടുകയും ചെയ്തു. ഇതിനിടെയാണ് ഇവരുടെ അമ്മയ്ക്കു രോഗം കണ്ടെത്തുന്നതും ചികിത്സകള്‍ നടത്തേണ്ടി വന്നതും. കുറേ മാസങ്ങള്‍ക്കു ശേഷം വീണ്ടും വീട് നിര്‍മാണമാരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ജോലി ആവശ്യത്തിനായി സ്‌കൂട്ടറില്‍ പോകുന്നതിനിടെ അപകടത്തില്‍പെട്ട് യുവതി ഒരു മാസത്തിലേറേ ആശുപത്രിയിലാകുന്നത്. കഴിഞ്ഞവര്‍ഷമുണ്ടായ അപകടത്തെ തുടര്‍ന്ന് യുവതിയുടെ ഓര്‍മ നഷ്്ടമാവുകയും തലയില്‍ രക്തം കട്ട പിടിക്കുകയും ചെയ്തിരുന്നു. ഏറേകാലം ആശുപത്രിയില്‍ കഴിയേണ്ടി വന്നതോടെ സാമ്പത്തിക ബാധ്യതയിലായ കുടുംബത്തിന്റെ സ്വന്തമായി വീടെന്ന ആഗ്രഹം, സ്വപ്നം മാത്രമായി. 5,000 രൂപ വാടക നല്‍കിയാണ് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. ഇതിനിടെയാണ് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വീട് ലഭിക്കുന്നതിനായി ഇവര്‍ അപേക്ഷ നല്‍കുന്നത്. വീടില്ലാത്തവരുടെ അറുപതോളം അപേക്ഷകളാണ് പള്ളിയില്‍ ലഭിച്ചത്. പള്ളിയുടെ നേതൃത്വത്തില്‍ ഇതിനോടകം പത്തിലധികം വീടുകള്‍ നിര്‍മിച്ചു കൈമാറിയിരുന്നു. ഇനിയും നിരവധിയാളുകളാണ് വീടിനായി കാത്തിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയതോടെയാണ് താഴത്തുപള്ളിയുടെ നേതൃത്വത്തില്‍ ഈ കുടുംബത്തിന് കിടപ്പാടമൊരുക്കാന്‍ സ്നേഹതണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും കടുത്തുരുത്തി പ്രസ്സ് ക്ലബ്ബും ഒരുമിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.