കോട്ടയം : പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവർ എന്ന് കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ ഔദ്യോഗികമായി നിർവചിച്ചിരിക്കുന്ന ദളിത് ക്രൈസ്തവർ കേരളത്തിൽ മുപ്പത് ലക്ഷത്തോളം ഉണ്ട്. എന്നാൽ മാറി മാറി വരുന്ന സർക്കാരുകൾ അർഹമായി ഈ വിഭാഗത്തെ പരിഗണിച്ചിട്ടില്ല. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പോലും ഈ വിഭാഗത്തിന് കേവലം ഒരു ശതമാനം മാത്രമാണ് സംവരണം. ജനസംഖ്യയിൽ ഭൂരിപക്ഷം ഉള്ള ഈ സമുദായത്തിന് സംവരണ അവകാശങ്ങൾ പ്രഖ്യാപിക്കണമെന്നുള്ള ആവശ്യത്തിന് അൻപത് വർഷത്തെ പഴക്കം ഉണ്ട്. ഈ വിഭാഗത്തിന് പ്രത്യേകമായി കോർപ്പറേഷനും നിലവിൽ ഇല്ല. എസ് സി സി സി എന്നറിയപ്പെടുന്ന ഈ വിഭാഗത്തിന് പ്രത്യേകമായ സംവരണം ഏർപ്പെടുത്തുകയും അതിന് കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ നിയമ നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് പല സംഘടനകളും സെക്രട്ടറിയേറ്റിന് മുൻപിലും പാർലമെന്റിന് മുൻപിലും പ്രതിഷേധങ്ങൾ അറിയിച്ചിട്ടും നിയമ നിർമ്മാണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 15 ന് ഇടുക്കി ഏലപ്പാറയിൽ നിന്നും വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുകയും സമാപനം എന്ന നിലയിൽ ജനുവരി 29 ന് സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിച്ചിരിക്കുന്നത്. 29 ന് രാവിലെ 10:00 ന് ആയിരക്കണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ച് തിരുവനന്തപുരം വെള്ളയമ്പലം മഹാത്മാ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ പുഷ്‌പ്പാർചനയ്ക്ക് ശേഷം ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിൽ അവസാനിക്കും. തുടർന്ന് നടക്കുന്ന ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം പി, ഡോ ശശി തരൂർ എം പി, പന്ന്യൻ രവീന്ദ്രൻ എക്സ് എം പി, ഡോ ഗീവർഗീസ് മാർ കൂറിലോസ്, ബിഷപ് ലേവി ജോസഫ് ഐക്കര, ബിഷപ്പ് റോബിൻസൺ ഡേവിഡ്, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ വിനിൽ പോൾ, സി എസ് ഡി എസ് ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ പ്രവീൺ ജെയിംസ്, വി പി തങ്കപ്പൻ, സെക്രട്ടറി ലീലാമ്മ ബെന്നി, ട്രഷറർ ഷാജി മാത്യു, ടി എ കിഷോർ, പ്രസന്ന ആറാണി, സി എം ചാക്കോ, ആഷ്‌ലി ബാബു തുടങ്ങിയവർ പ്രസംഗിക്കും