ന്യൂഡല്‍ഹി: ബീഹാറില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ, മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലേക്ക് ഇന്ന് വീണ്ടും കൂടുമാറിയേക്കും.പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. നിതീഷ് തന്നെ മുഖ്യമന്ത്രിയായി തുടരും. അടുത്ത തിരഞ്ഞെടുപ്പ് വരെ തല്‍സ്ഥാനത്ത് തുടരാമെന്ന് ജെഡിയു-ബിജെപി ധാരണയായെന്നാണ് വിവരം. 2025 മുതല്‍ നിതീഷിന് എൻഡിഎ കണ്‍വീനർ പദവി നല്‍കുമെന്നും വിവരമുണ്ട്. ഇന്നുരാവിലെ പത്തുമണിയോടെ ജെഡിയു എംഎല്‍എമാരുടെ യോഗം ചേരുമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സുശീല്‍ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകും. സ്‌പീക്കർ പദവിയും ആർജെഡി കൈകാര്യം ചെയ്തിരുന്ന പദവികളും ബിജെപിക്കായിരിക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ നിതീഷ് അവകാശവാദമുന്നയിക്കുമെന്നും, മുഖ്യമന്ത്രിയായി ഇന്നോ നാളെയോ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് സൂചന. ഒൻപതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ഇന്നലെ രാത്രിയും പട്നയിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ജെഡിയു നേതാക്കളും എംഎല്‍എമാരും യോഗം ചേർന്നു. അതേസമയം, വിഷയത്തില്‍ തീരുമാനമെടുക്കാൻ ആർജെഡി നേതാക്കള്‍ യോഗം ചേർന്ന് പാർട്ടി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ ചുമതലപ്പെടുത്തി. മറുകണ്ടം ചാടിയാല്‍ ഭൂരിപക്ഷം തെളിയിക്കാൻ നിതീഷിനോട് ആർജെഡി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകള്‍. നിതീഷ് കുമാറിന്റെ ജെഡിയുവിന് 45 എംഎല്‍എമാർ, ബിജെപിക്ക് 78, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ പാർട്ടിയുടെ നാല് പേരും ചേർന്ന് 127 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ. 122 എംഎല്‍എമാരുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.