കോട്ടയം: പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി വൃദ്ധയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ചു. കോട്ടയം കൂട്ടിക്കലിലാണ് സംഭവം.കൂട്ടിക്കല്‍ വല്ലിറ്റ മഠത്തില്‍ വീട്ടില്‍ സെബാസ്റ്റ്യൻ ഭാര്യ മാറിയ കുട്ടിയുടെ മാലയാണ് മോഷ്ടാവ് അടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷമാണ് ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ടാവ് അപഹരിച്ചത്.
മൂത്ത മകന്റെ ഒപ്പമാണ് സെബാസ്റ്റിനും ഭാര്യ മറിയക്കുട്ടിയും താമസിക്കുന്നത്. പക്ഷാഘാതം പിടിപെട്ട് ഏറെ നാളായി ശരീരത്തിന്റെ ഒരുവശ തളർന്ന ചികിത്സയിലായിരുന്നു മറിയക്കുട്ടി. വീട്ടിലെ ചെറിയ ജോലികള്‍ മാത്രമാണ് ഇവർക്ക് ചെയ്യുവാൻ കഴിയുന്നത്. വീട്ടില്‍ മറ്റാരും ഇല്ലായിരുന്ന സമയത്ത് കയറിവന്ന മോഷ്ടാവ് പുറകില്‍ നിന്ന് മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മാല അപഹരിക്കുകയായിരുന്നു.കുട്ടികള്‍ കളിക്കുകയാണെന്നാണ് ആദ്യം മറിയക്കുട്ടി കരുതിയത്. മാല പറിച്ചതോടെ നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു. രോഗിയായ മറിയകുട്ടി മുഖത്തെ തുണി മാറ്റി വീടിന് പുറത്ത് ഇറങ്ങിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു.