ഹൈദരാബാദ്: സുരക്ഷാവീഴ്ചയെത്തുടർന്ന് പ്രതിഷേധവുമായി ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികള്‍ രംഗത്ത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഗേള്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥിനികളുള്പ്പെടെയാണ് പ്രതിഷേധിച്ചത്.വൈസ് ചാൻസലർ നേരിട്ടെത്തണമെന്നും പ്രശ്നങ്ങള്‍ക്ക് അടിയന്തരപരിഹാരം കാണണമെന്നും വിദ്യാർത്ഥികള്‍ ആവശ്യപ്പെട്ടു. ഹോസ്റ്റലിനുള്ളില്‍ മൂന്നുപേർ അതിക്രമിച്ചു കയറിയതായും ഒരാളെ തങ്ങള്‍ പിടികൂടിയിരുന്നതായും വിദ്യാർത്ഥികള്‍ പറഞ്ഞു. മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചിരുന്നതായും എന്നാല്‍ പിരിഞ്ഞുപോകാൻ അവർ തയ്യാറായിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.
മകരസംക്രാന്തി അവധിയ്ക്കുശേഷം വിദ്യാർഥിനികള്‍ മടങ്ങിയെത്തിയപ്പോള്‍ മുതല്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ കൂടുതല്‍ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അവധി കഴിഞ്ഞ് മടങ്ങി വന്നതിനുശേഷം പല മുറികളില്‍നിന്നും വിചിത്രശബ്ദങ്ങള്‍ കേള്‍ക്കുന്നതായും എന്നാല്‍ അത് തങ്ങളുടെ തോന്നലാണെന്ന് കരുതിയതായും ഒരു വിദ്യാർഥിനി പ്രതികരിച്ചു. താഴത്തെ നിലയിലേയും ഒന്നാമത്തെ നിലയിലേയും കുളിമുറികളുടെ വെന്റിലേറ്ററുകളിലൂടെ കൈകള്‍ ഉള്ളിലേക്ക് വരുന്നതുകണ്ടതായി ഒരു വിദ്യാർഥിനി പരാതിപ്പെട്ടതോടെയാണ് വിദ്യാർഥിനികള്‍ കൂടുതല്‍ ആശങ്കയിലായത്. ‘ഇന്നലെ ഒരേ സമയം രണ്ട് നിലകളിലെ വാഷ്റൂമുകളിലാണ് സംഭവമുണ്ടായത്. ഞങ്ങളുടെ കുളിമുറികളില്‍ വെന്റിലേറ്ററുകളുണ്ട്. കുളിമുറികള്‍ തീരെ വലിപ്പം കുറഞ്ഞവയാണ്. ഞങ്ങളുടെ കൂടെയുള്ള പെണ്‍കുട്ടി കുളിമുറിക്കുള്ളില്‍ കടന്ന് വാതിലടച്ചിരുന്നു. വെന്റിലേറ്ററിലൂടെ കൈ വരുന്നതുകണ്ടതോടെ അവള് ഭയന്ന് പുറത്തേക്കോടി’ – പ്രതിഷേധകരില്‍ ഒരാള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തങ്ങള്‍ സീനിയർ വിദ്യാർഥിനികളുടെ സഹായം തേടിയതായും അപരിചിതരായ മൂന്ന് പേരെ കണ്ടതായും അവരില്‍ ഒരാളെ പിടികൂടിയതായും വിദ്യാർഥിനി കൂട്ടിച്ചേർത്തു. ബാക്കിയുള്ള രണ്ടുപേരെ കൂടി പോലീസ് എത്രയും പെട്ടെന്ന് പിടികൂടണമെന്നും വിദ്യാർഥിനി ആവശ്യപ്പെട്ടു. അപരിചിതനായ ഒരാള്‍ കോളേജ് മതില് കടന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പ്രവേശിച്ചതായുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉടനെ സ്ഥലത്തെത്തിയതായും വിദ്യാർഥിനികളും സുരക്ഷാജീവനക്കാരും ചേർന്ന് പിടിച്ചുവെച്ചിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതായും ഡെപ്യൂട്ടി കമ്മിഷണർ പ്രിയർശിനി അറിയിച്ചു. ഹോസ്റ്റലില്‍ പരിശോധന നടത്തിയതായും സുരക്ഷാപ്രശ്നങ്ങള്‍ സർവകലാശാല രജിസ്ട്രാറിനെ അറിയിച്ചതായും ഡെപ്യൂട്ടി കമ്മിഷണർ കൂട്ടിച്ചേർത്തു.