പട്ന : ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യം വിട്ട് എന്‍ഡിഎക്കൊപ്പം നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ ലാലു പ്രസാദ് യാദവിനെ തേടി ഇ.ഡി എത്തി.ജോലിക്ക് പകരം ഭൂമി അഴിമതി കേസിലാണ് ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ചേദ്യം ചെയ്യല്‍ അവസാനിച്ചു. രാവിലെയാണ് ഉദ്യോഗസ്ഥര്‍ ലാലുവിന്റെ വീട്ടിലെത്തിയത്.രാവിലെ 11.30 യോടെയാണ് ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ആരോഗ്യം മോശമായ ലാലു പ്രസാദ് യാദവിനു ഭക്ഷണം വാരിക്കൊടുക്കണമെന്നും എന്നാല്‍ അതിന് ഇഡി അനുവദിച്ചില്ലെന്നും മകള്‍ മിസ ഭാരതി ആരോപിച്ചു. ചൊവ്വാഴ്ച തേജസ്വി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെ സഖ്യം വിട്ട് നിതീഷ് കുമാര്‍ എന്‍ഡിഎക്ക് ഒപ്പം പോയതിന് പിന്നാലെ വീടിന് മുന്നിലെ നെയിം ബോര്‍ഡില്‍ സ്ഥാപിച്ചിരുന്ന ഉപമുഖ്യമന്ത്രിയെന്ന ഭാഗം തേജസ്വി യാദവ് പേപ്പര്‍ കൊണ്ട് മറച്ചു.