തിരുവനന്തപുരം : അയോദ്ധ്യയില്‍ ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഇതുവരെ 19 ലക്ഷത്തോളം പേരാണ് രാമക്ഷേത്ര ദർശനത്തിനെത്തിയത്. പ്രാണപ്രതിഷ്ഠയുടെ തൊട്ടടുത്ത ദിവസം മുതല്‍ ഭക്തർക്കായി ദർശനം അനുവദിച്ചിരുന്നു. ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് അയോദ്ധ്യയില്‍ എത്തുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അയോദ്ധ്യ ധാം റെയില്‍വേ സ്റ്റേഷനിലേക്ക് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. ഇതനുസരിച്ച് കേരളത്തില്‍ നിന്നുള്ള അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ജനുവരി 30ന് പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. കേരളത്തില്‍ നിന്നുള്ള ആസ്ഥാ സ്പെഷ്യല്‍ ട്രെയിനിന്റെ കന്നിയാത്ര ജനുവരി 30 ന് വൈകിട്ട് 7.10ന് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതർ അറിയിച്ചു.
മൂന്നാംദിവസം പുലർച്ചെ മൂന്നിന് അയോദ്ധ്യയിലെത്തുന്ന ട്രെയിൻ അന്നേദിവസം വൈകിട്ട് പാലക്കാട്ടേക്ക് മടക്കയാത്രയും തുടങ്ങും. ആദ്യഘട്ടത്തില്‍ ഐ.ആർ.സി.ടി.സിയുടെ ടൂറിസം ബുക്കിംഗ് വെബ്സൈറ്റിലൂടെ ഗ്രൂപ്പായാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. സ്റ്റേഷനില്‍ നിന്നോ ഐ.ആർ.സി.ടി.സി ആപ്പ് മുഖേനെയോ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല,. ഒരു ആസ്ഥാ സ്പെഷ്യല്‍ ട്രെയിനില്‍ 1500 പേർക്ക് യാത്ര ചെയ്യാം. ഓരോ ട്രെയിനിലും 22 സ്ലീപ്പർ കോച്ചുകള്‍ ഉണ്ടാകും. തുടർന്നുള്ള ദിവസങ്ങളില്‍ കോയമ്ബത്തൂർ, നാഗർകോവില്‍, തിരുവനന്തപുരം പാതയിലൂടെയും കൂടുതല്‍ ട്രെയിൻ സർവീസുകള്‍ അയോദ്ധ്യയിലേക്കുണ്ടാകും.