പാലക്കാട്: പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടറെ കഠിന തടവിന് ശിക്ഷിച്ച് കോടതി. പാലക്കാട് ജില്ലയിലെ മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന വി.വി ശ്രീജിത്തിനെയാണ് തൃശ്ശൂർ വിജിലൻസ് കോടതി ഒരു വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. ചത്തു പോയ അഞ്ചു പോത്തുകളെ പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് മെഡിക്കൽ ക്ലെയിം ഫോം പൂരിപ്പിച്ചു നൽകുന്നതിനും 4,000 രൂപ കൈക്കൂലി വാങ്ങിയ കേസ്സിലാണ് ശിക്ഷ.
2006-2011 കാലഘട്ടത്തിൽ പാലക്കാട് ജില്ലയിലെ മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കവേയാണ് വിവി ശ്രീജിത്ത് കൈക്കൂലി വാങ്ങിയത്. 2011-ജനുവരി മാസം മൂന്നാം തിയതി മലമ്പുഴയിലെ ഒരു കർഷകന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അഞ്ചു പോത്തുകളെ പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് മെഡിക്കൽ ക്ലെയിം ഫോം പൂരിപ്പിച്ചു നൽകുന്നതിനും ഫാം ഉടമയിൽ നിന്നും 4000 രൂപ കൈക്കൂലി വാങ്ങിയതിന് ഡോക്ടർ പിടിയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് വിജിലൻസ് യൂണിറ്റ് ആണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പാലക്കാട് വിജിലൻസ് മുൻ ഡി.വൈ.എസ്.പി സതീശൻ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിൻ ഹാജരായി.