ഡല്‍ഹി : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് ബുധനാഴ്ചത്തെ പ്രതിഷേധം. എല്ലാ ഭരണകക്ഷി എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കും. കേരള സര്‍ക്കാര്‍ ജന്ദര്‍ മന്തിറില്‍ എട്ടാം തീയതി സമരം നടത്താനിരിക്കെ, തലേ ദിവസമാണ് കര്‍ണാടക സർക്കാരിന്റെ സമരം.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 200-ലധികം താലൂക്കുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഉപമുഖ്യമന്ത്രി സമര പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ബജറ്റില്‍ കർണാടകയ്ക്ക് വരള്‍ച്ചാ ദുരിതാശ്വാസം യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കാൻ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണ്. ബിജെപിയിതര സംസ്ഥാനങ്ങളെ കേന്ദ്രം പൂർണമായും തഴയുന്നുവെന്നും ഡികെ ശിവകുമാര്‍ വിമര്‍ശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്രത്തിനെതിരെ ദില്ലിയില്‍ സമരം നടത്താൻ കേരളം നേരത്തെ തീരുമാനിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയും ജന്തർ മന്ദറില്‍ എട്ടാം തീയതിയാണ് സമരം നടത്തുന്നത്. ഈ സമരത്തിലേക്ക് ഇന്ത്യാ മുന്നണിയിലെ മുഖ്യമന്ത്രിമാരെ സിപിഎം ക്ഷണിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് സമാന സമരവുമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും രംഗത്ത് വരുന്നത്.