തൃശൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരേ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ടി.എന്‍ പ്രതാപന്‍. ഫാസ്റ്റ് റിപ്പോര്‍ട്ട്സ് എന്ന യൂട്യൂബ് ചാനല്‍ വര്‍ഗീയത ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയും തന്നെ ജനങ്ങളുടെ മുന്നില്‍ വര്‍ഗീയതയുടെ ആളാക്കി വാര്‍ത്തകള്‍ നല്‍കുകയുമായിരുന്നു എന്ന് ടി.എന്‍ പ്രതാപന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് തൃശൂരിന്റെ ജനകീയ വിഷയങ്ങളില്‍ ഒപ്പം നില്‍ക്കുന്ന തന്നെ സമൂഹമധ്യത്തില്‍ കരിവാരിത്തേക്കുന്നതിനുള്ള ശ്രമമാണ് നടന്നതെന്നും ഇതിനെതിരേ വ്യാപക പ്രതിഷേധമുണ്ടായിരുന്നെന്നും എം.പി വ്യക്തമാക്കി. ഇത്തരം നുണ ഫാക്ടറികളെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് സമൂഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും പ്രതാപന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന എം.പിയുടെ പരാതിയില്‍ ഇന്നാണ് പൊലീസ് കേസെടുത്തത്. ഫാസ്റ്റ് റിപ്പോര്‍ട്ട്സ് എന്ന യുടൂബ് ചാനലിലെ വിപിന്‍ ലാലിനെതിരെയാണ് കേസ്. വ്യാജ വാര്‍ത്ത, കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ടിഎന്‍ പ്രതാപനെതിരെ നിരവധി വീഡിയോകളാണ് ഫാസ്റ്റ് റിപ്പോര്‍ട്ട്സ് യുടൂബ് ചാനലില്‍ പബ്ലിഷ് ചെയ്തിട്ടുള്ളത്.