ആലപ്പുഴ : വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുതിർന്ന നേതാവ് ഡോ. ടിഎം തോമസ് ഐസക് ആലപ്പുഴയില്‍ സ്ഥാനാർഥിയാകുമെന്ന വാർത്തകള്‍ തള്ളി എഎം ആരിഫ് എംപി രംഗത്ത്.സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടന്നിട്ടില്ലെന്നാണ് ആരിഫ് പറയുന്നത്. ചർച്ചകള്‍ നടന്നുവെന്നുള്ള പ്രചാരണങ്ങളെ പേഡ് ന്യൂസ് ആയിട്ടാണ് കാണുന്നതെന്നും കേരളത്തിലെ സിപിഎമ്മിന്റെ ഒരേയൊരു ലോക്‌സഭാ എംപി കൂടിയായ ആരിഫ് വ്യക്തമാക്കി.
മുതിർന്ന നേതാക്കളായ തോമസ് ഐസക്കും ജി സുധാകരനും പാർലമെന്റില്‍ വരാൻ യോഗ്യരാണ്. അതുകൊണ്ട് തന്നെ അവരുടെ പേരുകള്‍ പാർട്ടി ഘടകങ്ങള്‍ പരിശോധിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. പാർട്ടി ആവശ്യപ്പെട്ടാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും എഎം ആരിഫ് പറഞ്ഞു.തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ സ്ഥാനാർത്ഥി ആരായാലും ആലപ്പുഴയില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കും. പ്രബലരായ രണ്ടുപേരെ ഒഴിച്ചുനിർത്തിയാണ് ആലപ്പുഴയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത്. ആ ഘട്ടത്തിലും വലിയ വിജയമാണ് ആലപ്പുഴയില്‍ എല്‍ഡിഎഫിന് നേടാൻ സാധിച്ചത്.ആലപ്പുഴയില്‍ എല്‍ഡിഎഫിനുള്ള അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ലെന്നും ആരിഫ് വ്യക്തമാക്കി.കെസി വേണുഗോപാല്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി ആലപ്പുഴയില്‍ മത്സരിക്കാൻ ഇടയില്ലെന്നും ആരിഫ് പറഞ്ഞു.