കുറിച്ചി ഗവ.ആശുപത്രിക്കു മുന്നിൽ ത്രിദിന ഉപവാസ സമരം നടത്തും 

കുറിച്ചി : സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയും 24 മണിക്കൂർ ഡോക്ടറുടെ സേവനവും മറ്റ് അനുബന്ധ സൗകര്യങ്ങളും പുന:രാരംഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സചിവോത്തമപുരം സി എച്ച് സി  ആശുപത്രി സംരക്ഷണ സമിതി നടത്തിവരുന്ന സമര പരിപാടികളുടെ നാലാം ഘട്ടമെന്ന നിലയിൽ ആശുപത്രിയുടെ മുന്നിൽ ത്രിദിന ഉപവാസ സമരം സംഘടിപ്പിക്കുവാൻ സമരസമിതി പ്രവർത്തക യോഗം തീരുമാനിച്ചു. 2024 ഫെബ്രുവരി 9 ന്  രാവിലെ കുറിച്ചി കേളൻ കവലയിൽ നിന്നും, തകർക്കപ്പെട്ട ആശുപത്രിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള പ്രതീകാത്മകമായ വിലാപയാത്ര ആരംഭിക്കും. വിലാപയാത്ര ആശുപത്രിയുടെ മുന്നിൽ എത്തിച്ചേരുമ്പോൾ സമ്മേളനത്തോടുകൂടി ഉപവാസ സമരം ആരംഭിക്കും.  രണ്ടാം ദിവസമായ 10-ാം തീയതി പ്രമുഖ സാഹിത്യ സാംസ്കാരിക കലാ  പ്രവർത്തകർ പങ്കെടുക്കുന്ന സാംസ്കാരിക സംഗമവും സംഘ ചിത്രരചനയും നടക്കും. മൂന്നാം ദിവസം നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന സമര ദീപമാലയും സമര പ്രതിജ്ഞയും സംഘടിപ്പിക്കും.

Advertisements

ത്രിദിന ഉപവാസ സമരത്തിന്റെ പ്രചരണാർത്ഥം  പ്രചരണ ജാഥകളും വിവിധ പ്രദേശങ്ങളിൽ സമ്മേളനങ്ങളും ഗൃഹ സദസ്സുകളും സംഘടിപ്പിക്കും. അരലക്ഷം ഒപ്പ് ശേഖരണവും നടത്തും. ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ ഡോ. ബിനു സചിവോത്തമപുരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ്  പുതിയ സമര പരിപാടികൾക്ക് രൂപം നല്കിയത്. കൺവീനർ എൻ.കെ. ബിജു, ജയ്മോൻ സി.പി, പ്രസന്നൻ ഇത്തിത്താനം, എൻ.ഡി. ബാലകൃഷ്ണൻ, പി.പി.മോഹനൻ, സുരേന്ദ്രൻ സുരഭി, പാസ്റ്റർ ബിജു, നിജു വാണിയപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles