കൊല്ലം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അഴിമതി ആരോപണമുന്നയിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.ആരോഗ്യ മന്ത്രി വീണ ജോർജ് അഴിമതി നടത്തുന്നുണ്ടെന്നും വൈകാതെ തന്നെ ഈ അഴിമതിയും പുറത്തുവരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ആരോഗ്യമന്ത്രിക്ക് ധൈര്യമുണ്ടേല്‍ മരുന്നുകള്‍ക്കായി ഇക്കഴിഞ്ഞ 10 വർഷം കേന്ദ്രം തന്ന പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കള്ളന് കഞ്ഞി വച്ചവനാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കേസ് ഒതുക്കാൻ സതീശൻ ശ്രമിച്ചു. മാസപ്പടിയില്‍ ഇടത് – വലത് നേതാക്കള്‍ക്ക് എതിരെ നടപടി വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്ര മോദി സർക്കാർ ഉള്ളത് കൊണ്ടാണെന്നും കോണ്‍ഗ്രസ് അവർക്ക് ഒത്താശയാണ് എല്ലാക്കാലത്തും ചെയ്തതെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. അയോധ്യ വിഷയത്തില്‍ പാണക്കാട് തങ്ങള്‍ പറഞ്ഞ നല്ല വാക്കുകളെ കോണ്‍ഗ്രസ് തള്ളിയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.