കോട്ടയം : സംസ്ഥാന ബജറ്റിൽ ദളിത് ക്രൈസ്തവർക്ക് വീണ്ടും അവഗണന എന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്. മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് 167 കോടി രൂപയും പിന്നോക്ക വിഭാഗ കോർപ്പറേഷന് 9 കോടി രൂപയും ഉൾപ്പെടെ വലിയ തുക വകയിരുത്തി. ന്യൂനപക്ഷ വികസന കോർപ്പറേഷനും പ്രവർത്തനങ്ങൾക്കും നൂറ് കോടിയിലധികം രൂപയും മുന്നൊക്കെ ക്ഷേമ കോർപ്പറേഷന് 35 കോടി രൂപയും അനുവദിച്ചപ്പോൾ ദളിത് ക്രൈസ്തവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന 30 ലക്ഷത്തിലധികം ആളുകളുടെ ക്ഷേമത്തിനായുള്ള സംസ്ഥാന പരിവർത്തിത ക്രൈസ്തവ വികസന ശുപാർശിത കോർപ്പറേഷന് കേവലം 8 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ദളിത് ക്രൈസ്തവർക്ക് നേർക്ക് നടക്കുന്ന ഇത്തരം വിവേചനങ്ങൾ തുടരുകയാണെന്നും കെ കെ സുരേഷ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ, ആരോഗ്യ തൊഴിൽ മേഖലകൾ കോർപ്പറേറ്റുകകൾക്ക് തീറെഴുതി നൽകുന്ന ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ നിന്നും ഈ സർക്കാർ പൂർണ്ണമായും അകന്നെന്നും കെ കെ സുരേഷ് കുറ്റപ്പെടുത്തി. ഡോ ബി ആർ അംബേദ്കർ പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്ക് ഭരണഘടനപരമായി നൽകിയ അവകാശങ്ങൾ പോലും ലഭ്യമാക്കുന്നതിൽ പരാജയമായ ഈ സർക്കാർ കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് നിരാശയാണ് നൽകുന്നതെന്നും കെ കെ സുരേഷ് പറഞ്ഞു.