ഡല്‍ഹി : ലോക്സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നിന്നും മത്സരിക്കാൻ കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍ കണ്ടാണ് ഇക്കാര്യം അറിയിച്ചത്.തെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രമേയം പാസാക്കിയതായി രേവന്ത് സോണിയയെ അറിയിച്ചു.
ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക, സംസ്ഥാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവരോടൊപ്പമായിരുന്നു രേവന്ത് സോണിയയെ സന്ദർശിച്ചത്. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് പറഞ്ഞു. അതേസമയം ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നായിരുന്നു സോണിയയുടെ മറുപടി നല്‍കിയതെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു തെലങ്കാനയിലെ ഖമ്മത്ത് സോണിയയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി ആര് എസിന്റെ നാമ നാഗേശ്വര റാവുവാണ് നിലവില്‍ ഖമ്മത്ത് നിന്നുള്ള ലോക്സഭ അംഗം. 2014-ല്‍ പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി ഇവിടെ വൈ എസ് ആർ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ വിജയിച്ചിരുന്നു. സോണിയ ഗാന്ധി സംസ്ഥാനത്ത് എത്തിയാല്‍ ഖമ്മത്ത് അട്ടിമറി വിജയം നേടാൻ സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തല്‍. അതോടൊപ്പം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കുമെന്നും നേതൃത്വം കരുതുന്നു. നേരത്തേ പ്രിയങ്ക ഗാന്ധിയെ തെലങ്കാനയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യവും സംസ്ഥാന ഘടകം മുന്നോട്ട് വെച്ചിരുന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ 3 ഇടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. ബി ആർ എസ് 9 ഇടത്തും ബി ജെ പി 3 മണ്ഡലങ്ങളിലും ജയിച്ചു. ഉവൈസിയുടെ എ ഐ എം ഐ എം 1 സീറ്റ് നേടിയിരുന്നു. ഇക്കുറി സംസ്ഥാന ഭരണം പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനം കണക്കിലെടുക്കുമ്ബോള്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. സ്ഥാനാർത്ഥി ചർച്ചകള്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ് ഇതിനോടകം തന്നെ കടന്ന് കഴിഞ്ഞു. എന്നാല്‍ ബി ജെ പിയും ഇത്തവണ അട്ടിമറി ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്. ഇക്കുറി ഇരട്ടി സീറ്റുകളാണ് അവർ ലക്ഷ്യം വെയ്ക്കുന്നത്.