പത്തനംതിട്ട : കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും, സംഘടിത കുറ്റകൃത്യങ്ങളും മറ്റും തടയുന്നതിനും ജില്ലയില്‍ ശക്തമായ പോലീസ് നടപടി പത്തനംതിട്ടയില്‍ തുടരുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ അറസ്റ്റ് ജില്ലയില്‍ വ്യാപകമായി നടന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞദിവസം 21 പേരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു. വരും ദിവസങ്ങളിലും നടപടി തുടരും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്കും മറ്റ് നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടാല്‍ ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി 10 മണിമുതല്‍ വെളുപ്പിന് അഞ്ച് വരെയുള്ള നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ഈ സമയങ്ങളില്‍ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടവര്‍ നിര്‍ബന്ധമായും സാക്ഷ്യപത്രം കയ്യില്‍ കരുതണം.