കഴിഞ്ഞ മാസം നടന്ന ‘മിസ് ജപ്പാൻ’ മത്സരത്തിലെ വിജയിയായിരുന്നു ഉക്രെയ്നിൽ ജനിച്ച കരോലിന ഷിനോ. ഉക്രെയ്നിലാണ് ഷിനോ ജനിച്ചു വളർന്നത് എന്നതിനാൽ തന്നെ കിരീടത്തെ ചൊല്ലി വൻ വിവാദമുയർന്നിരുന്നു. ഉക്രെയ്നിൽ ജനിച്ചു വളർന്ന ഒരാൾ എങ്ങനെയാണ് മിസ് ജപ്പാനാവുക എന്നതായിരുന്നു പ്രധാന വിമർശനം. എന്നാലിപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു കാരണത്തിന്റെ പേരിൽ തനിക്ക് ലഭിച്ച മിസ് ജപ്പാൻ കിരീടം തിരികെ നൽകിയിരിക്കയാണ് 26 -കാരിയായ ഷിനോ.
വിവാഹിതനായ ഒരാളുമായി ഷിനോയ്ക്ക് ബന്ധമുണ്ടെന്ന് ഒരു വാരിക വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവർക്ക് തന്റെ കിരീടം ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ‘ഷുകൻ ബുൻഷുൻ’ വാരികയാണ് വിവാഹിതനും ഇൻഫ്ലുവൻസറുമായ തകുമ മേദ എന്ന ഡോക്ടറുമായി ഷിനോയ്ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം മത്സരത്തിന്റെ സംഘാടകർ ഷിനോയെ ന്യായീകരിച്ചിരുന്നു. ഡോക്ടർ വിവാഹിതനാണ് എന്ന വിവരം ഷിനോയ്ക്ക് അറിയില്ല എന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ, ഷിനോ തന്നെ പിന്നീട് അയാൾ വിവാഹിതനാണ് എന്നറിഞ്ഞുകൊണ്ടാണ് പ്രണയിച്ചത്. എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് രംഗത്തു വരികയായിരുന്നു.
ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അവളുടെ മോഡൽ ഏജൻസിയായ ഫ്രീ വേവ് പറയുന്നത്, ആദ്യം ഡോക്ടർ സിംഗിൾ ആണെന്ന് പറഞ്ഞാണ് ഷിനോയുമായി പ്രണയത്തിലായത്. എന്നാൽ, പിന്നീട് ഇയാൾ വിവാഹിതനാണ് എന്ന് വ്യക്തമായിട്ടും ഷിനോ ബന്ധം തുടരുകയായിരുന്നു എന്നാണ്.
‘ഞാൻ ക്ഷമ ചോദിക്കുന്നു, എന്നെ പിന്തുണച്ചവരെ ഞാൻ ചതിച്ചു’ എന്നാണ് ഷിനോ പറഞ്ഞത്. ‘ഭയവും സങ്കോചവും കൊണ്ടാണ് താൻ ഇതുവരെ സത്യം വെളിപ്പെടുത്താതിരുന്നത്’ എന്നും അവർ പറഞ്ഞു. മത്സരത്തിന്റെ സംഘാടകരും വിധികർത്താക്കളോടക്കം ക്ഷമ ചോദിച്ചിട്ടുണ്ട്. അമ്മ ഒരു ജാപ്പനീസുകാരനെ രണ്ടാം വിവാഹം ചെയ്തതോടെയാണ് ഷിനോ തന്റെ അഞ്ചാമത്തെ വയസ്സിൽ ജപ്പാനിലെത്തിയത്.