സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി കോട്ടയത്ത്‌ ജില്ലാ നിക്ഷേപക സംഗമം നടത്തി

കോട്ടയം: സംരംഭകരെ കണ്ടെത്തി അവർക്ക് പ്രചോദനവും മാർഗനിർദേശങ്ങളും നൽകി സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ നിക്ഷേപക സംഗമം നടത്തി. ഹോട്ടൽ ഐഡയിൽ നടന്ന പരിപാടി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ഇലവീഴാപൂഞ്ചിറ, കുമരകം തുടങ്ങിയ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ കൂടി കേന്ദ്രീകരിച്ച് പുതിയ നിക്ഷേപ സംരംഭങ്ങൾ ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ചടങ്ങിൽ ജില്ലാ, താലൂക്ക് തലങ്ങളിൽ ചെറുകിട ഇടത്തരം സംരംഭക ക്രെഡിറ്റ് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്കുകളെ കളക്ടർ പുരസ്‌കാരം നൽകി ആദരിച്ചു.

Advertisements

തുടർന്ന് 1024.58 കോടി രൂപയുടെ നിക്ഷേപവും 8945 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്ന 76 സംരംഭകപ്രോജക്ടുകളുടെ അവതരണവും ചർച്ചയും നടന്നു. കൂടാതെ സംരംഭക സഹായപദ്ധതികളും ആനുകൂല്യങ്ങളെയും കുറിച്ചുള്ള സാങ്കേതിക സെക്ഷനുകളും ജില്ലാതല നിക്ഷേപക സംഗമത്തിന്റെ ഭാഗമായി നടന്നു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി ലൗലി അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. ലീഡ് ഡിസ്ട്രിക്ട് മാനേജർ ഇ.എം അലക്‌സ്, കെ.എസ് .എസ്.ഐ.എ ജില്ലാ പ്രസിഡന്റ് കെ. ദിലീപ് കുമാർ, കനാറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ആൻഡ് റീജണൽ ഹെഡ് ഡി.എസ് അജയ് പ്രകാശ്, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ടി.പി ജോസഫ്, കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ ജി. സുരേഷ്‌കുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ കെ.എസ് അജിമോൻ, എം.പ്രവീൺ വിവിധ ബാങ്ക് പ്രതിനിധികൾ, സംരംഭകർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles