ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും പാർട്ടി പ്രഖ്യാപനവും ഏതാനും ദിവസങ്ങളായി തെന്നിന്ത്യയിലെ പ്രധാന ചർച്ചാ വിഷയങ്ങളില്‍ ഒന്നാണ്.ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം വിജയ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വിജയ് രസികര്‍ മണ്‍ട്രം ചെന്നൈയില്‍ എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇപ്പോഴിതാ യോഗത്തില്‍ തന്റെ ഫാൻ ക്ലബ് അംഗങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണ് ചർച്ചയാകുന്നത്.
രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം നടൻ ആരാധകരുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യോഗത്തില്‍ പ്രതിസന്ധികളെയും വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിടാൻ ആരാധകരെ ഉപദേശിച്ചിരിക്കുകയാണ് വിജയ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട നടൻ ക്ഷേമ പ്രവർത്തനങ്ങളിലൂടെ പാർട്ടി ഗ്രാമങ്ങളില്‍ അറിയപ്പെടണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഫാൻ ക്ലബ് അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.