പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്. പൊലീസ് കേസ് എടുത്തതോടെ പുല്ലാട് ആസ്ഥാനമായ ജി ആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിക്ഷേപകർ പറയുന്നത്. കോയിപ്രം പൊലീസ് സ്റ്റേഷനില്‍ മാത്രം 75 കേസുകള്‍ രജിസ്റ്റർ ചെയ്തു. ഇതോടെയാണ് തെള്ളിയൂരിലെ വീട് പൂട്ടി ജി ആൻഡ് ജി ഫിനാൻസ് ഉടമകളായ ഗോപാലകൃഷ്ണൻ, ഭാര്യ സിന്ധു, മകൻ ഗോവിന്ദ്, മരുമകള്‍ ലേഖ എന്നിവർ മുങ്ങിയത്. 16 ശതമാനവും അതില്‍ അധികവും പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്.
ഡിസംബർ വരെ പലർക്കും പലിശ നല്കി.
പുല്ലാട് ആസ്ഥാനമാക്കി വർഷങ്ങളായി പ്രവർത്തിച്ചുവന്ന ധനകാര്യസ്ഥാപനമാണ് ഒരു വർഷം മുൻപ് ജി. ആൻഡ് ജി എന്ന പേരിലേക്ക് മാറി വൻ തുക നിക്ഷേപം സ്വീകരിച്ചു തുടങ്ങിയത്. വിവിധ ജില്ലകളിലെ 48 ശാഖകള്‍ അടച്ചുപൂട്ടി. പണം നഷ്ടമായവർ ചേർന്ന് സമരസമിതി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബഡ്സ് നിമയം ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുക്കുന്നത്. ഉടമകള്‍ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.