ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒരുകൂട്ടം ആളുകൾ ചേർന്ന് ട്രെയിൻ തള്ളുന്ന രംഗം നിങ്ങളെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു കാഴ്ചയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിക്കുന്നത്. സംഭവം നടന്നത് മുംബൈയിലാണ്.
ഒരു യാത്രക്കാരൻ ട്രെയിനിന്റെ അടിയിൽ വീണതിനെ തുടർന്നാണ് മറ്റ് യാത്രക്കാരെല്ലാവരും ചേർന്ന് ട്രെയിൻ തള്ളിയത്. നവി മുംബൈയിലെ വാഷി സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് ഈ സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രെയിനിനും പ്ലാറ്റ്‍ഫോമിനും ഇടയിലുള്ള ചെറിയ വിടവിൽ കൂടി യാത്രക്കാരൻ ട്രെയിനിന് അടിയിലേക്ക് വീണുപോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിസിടിവി ഫൂട്ടേജ് പ്രകാരം പ്ലാറ്റ്‍ഫോമിന്റെ സൈഡിൽ ചാരി നിൽക്കുകയായിരുന്നു ഇയാൾ. ഇയാളെ ട്രെയിൻ കുറച്ച് മീറ്റർ വലിച്ചിഴച്ച് കൊണ്ടുപോയി എന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നീടാണ് ഇയാളെ രക്ഷിക്കുന്നതിന് വേണ്ടി ആളുകൾ ചേർന്ന് ട്രെയിൻ തള്ളുന്നത്. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പങ്കുവച്ചിരിക്കുന്ന വീഡിയോകളിൽ ആളുകൾ ഒരുമിച്ച് ട്രെയിൻ തള്ളിനീക്കാൻ ശ്രമിക്കുന്നത് കാണാം.
അവസാനം കൂട്ടായ പരിശ്രമത്തിനൊടുവിൽ യാത്രക്കാർക്ക് താഴെ വീണയാളെ പുറത്തേക്ക് എടുക്കാൻ സാധിച്ചു. പക്ഷേ, അപ്പോഴേക്കും അയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒടുവിൽ, പുറത്തെത്തിച്ച ഇയാൾ പിന്നീട് മരിക്കുകയായിരുന്നു.