തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി. 15 സീറ്റില്‍ സി.പി.എമ്മും നാല് സീറ്റില്‍ സി.പി.ഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജൻ പറഞ്ഞു.കേരള കോണ്‍ഗ്രസ് എം രണ്ടാമതൊരു സീറ്റും ആർ.ജെ.ഡി ഒരു ലോക്സഭാ സീറ്റും ആവശ്യപ്പെട്ടെങ്കിലും സി.പി.എം അംഗീകരിച്ചില്ല.
എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ എല്‍.ഡി.എഫ് സജ്ജമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16 ഇടത്ത് സി.പി.എം മത്സരിച്ചു. അതിനുശേഷമാണ് കേരള കോണ്‍ഗ്രസ് എം വന്നത്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം മത്സരിക്കും. ബന്ധപ്പെട്ട പാർട്ടികള്‍ വേഗത്തില്‍ സ്ഥാനാർഥിയെ തീരുമാനിക്കും. അടുത്ത എല്‍.ഡി.എഫ് യോഗത്തിന് മുൻപ് തീരുമാനമാകുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.