തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും അണ്ണനും തമ്പിയുമെന്ന് പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നില്‍പ് കണ്ടാല്‍ സഹിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് മടിയില്‍ കനമുണ്ട്. അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമല്ല. അന്വേഷണത്തെ ഭയമുണ്ട്. അതുകൊണ്ട് മകള്‍ ബെംഗളൂരുവിലെ കോടതിയെ സമീപിച്ചുവെന്നും വിഡി സതീശൻ ആരോപിച്ചു. വീണാ വിജയന്‍റെ എക്സാലോജിക് കമ്പനി എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചതിനെക്കുറിച്ചായിരുന്നു സതീശന്‍റെ വിമര്‍ശനം.
അതേസമയം, സിഎംആര്‍എല്‍ – എക്സാലോജിക്ക് സാമ്പത്തിക ഇടപാടില്‍ വീണ വിജയന്റെ എക്സാലോജിക്ക് കമ്പനിക്ക് എസ്‌എഫ്‌ഐഒ സമൻസ് അയച്ചു. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ പരിശോധന നടത്തിയപ്പോഴും കെഎസ്‌ഐഡിസിയില്‍ പരിശോധന നടത്തിയപ്പോഴും എസ്‌എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. കെഎസ്‌ഐഡിസിയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എക്‌സാലോജികിനും സമാനമായ രീതിയില്‍ എസ്‌എഫ്‌ഐഒ സമന്‍സ് അയച്ചു. സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് അനധികൃതമായി പണം വാങ്ങി എന്ന കേസിലെ എസ്‌എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. രാവിലെ 10.30 ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.