തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആട്ടിൻതോലിട്ട ചെന്നായ് പ്രയോഗം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ എന്നിവരെ ഉദ്ദേശിച്ചാണെന്ന് ഗോവൻ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾ ഒരാത്മീയ വേദിയിൽ ഇത്തരമൊരു പ്രയോഗം നടത്തിയത് ഒട്ടും ഉചിതമായില്ലെന്ന് പലരും എന്നോട് അഭിപ്രായപ്പെട്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കുമ്പനാട് നടന്ന ഐപിസി നൂറാം വാർഷിക സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രയോഗം.
മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാതിമത വ്യത്യാസമില്ലാതെ പലരും തന്നെ അവരുടെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ എന്റെ പേര് പരിഗണിച്ചത് എനിക്ക് കൈവന്ന വ്യക്തിപരമായ അംഗീകാരമെന്നതിനേക്കാൾ ഞാൻ പ്രതിനിധാനം ചെയ്യുന്ന സർവധർമ സമഭാവന എന്ന മഹത്തായ ആശയത്തിന് അവകാശപ്പെട്ടതെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എതിരാളികളെ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന് അപഹസിച്ച് വിളിച്ചത് ഒട്ടും ശരിയല്ലെന്ന പക്ഷക്കാരനാണ് ഞാൻ.
ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള ഇടമല്ല. പുത്തൻ കുരിശിലെ സമ്മേളനത്തിൽ ഇതേ ചെന്നായ പ്രയോഗം നടത്തുകയും അതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മറ്റൊരു ക്രൈസ്തവ സഭ പത്രസമ്മേളനം നടത്തി പ്രതിഷേധിക്കുകയും ചെയ്തു.
കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അങ്ങ് എല്ലാവരേയും തുല്യമായി പരിഗണിക്കുകയും എല്ലാവർക്കും നീതി നൽകുകയും ചെയ്യേണ്ട ആളാണ്. ഇത്തരം പദപ്രയോഗങ്ങളും കുപ്രചരണങ്ങളും ഇനിയെങ്കിലും നടത്താതിരിക്കാൻ സർവ്വശക്തനായ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെയെന്നും ശ്രീധരൻ പിള്ള കത്തിൽ വ്യക്തമാക്കി.