ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി വിധി പറയാനായി കർണാടക ഹൈക്കോടതി മാറ്റി. അതുവരെ കടുത്ത നടപടികൾ പാടില്ലെന്ന് എസ്എഫ്ഐഒയ്ക്ക് കോടതി നിർദേശം നൽകി. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എസ്എഫ്ഐഒയോട് കോടതി ചോദിച്ചു. എക്സാലോജിക് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജിയുടെ മറുപടി.
കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്ന് നിർദേശിച്ച കോടതി എസ്എഫ്ഐഒ ചോദിച്ച രേഖകൾ കൊടുക്കണമെന്ന് എക്സാലോജികിനോടും പറഞ്ഞു. അതേസമയം, വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് വസ്തുതകൾ നിരത്തി വിശദീകരിച്ചതാണ്. മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോൺ ജോർജ്ജിന്റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കേസുമായി കോടതിയിൽ പോയത്. കമ്പനി ആക്ടിലെ വ്യവസ്ഥയിൽ വീഴ്ചയുണ്ടോ എന്നതിൽ മാത്രമാണ് എസ്എഫ്ഐഒ അന്വേഷണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങൾ പോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി എന്തെല്ലാം കാണണം. എസ്എഫ്ഐഒ അന്വേഷണത്തെ രാഷ്ട്രീയമായി ചെറുക്കും, പ്രതിരോധിക്കും. കെഎസ്ഐഡിസിയുടെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായി ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നും എം വി ഗോവിന്ദന് പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് വശത്താക്കുന്നു.
പ്രേമചന്ദ്രനെ പ്രധാനമന്ത്രി വിരുന്ന് പങ്കാളിയാക്കിയതും അതിന്റെ ഭാഗം തന്നെയാണ്. ആഹാരത്തിന് ക്ഷണിച്ചാൽ പോകാതിരിക്കുന്നത് സംസ്കാരമല്ലെന്നാണ് പ്രേമചന്ദ്രനും യുഡിഎഫും പറയുന്നത്. മുഖ്യമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നിന് പ്രതിപക്ഷം എത്താതിരുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദന് ചോദിച്ചു.